ന്യൂദല്‍ഹി: എന്‍.ആര്‍.എച്ച്.എം ആംബുലന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട്  കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെയും മക്കള്‍ വിവാദത്തില്‍. ഇവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്.

രവിയുടെ മകന്‍ രവികൃഷ്ണക്കും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനും പങ്കാളിത്തമുള്ള കമ്പനി എന്‍.ആര്‍.എച്ച്.എമ്മിന് വേണ്ടി രാജസ്ഥാനില്‍ ആംബുലന്‍സ് ഓടിച്ച വകയില്‍ കോടികളുടെ അഴിമതി കാണിച്ചുവെന്നാരോപിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി കിരിത്ത് സോമയ്യയാണ് വീണ്ടും രംഗത്തെത്തിയത്.

രവിയും കാര്‍ത്തിയും ഡയറക്ടര്‍മാരായ സിക്വിറ്റ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് 2009 സുതാര്യമല്ലാത്ത വഴിയിലൂടെയാണ് ആംബുലന്‍സ് ഓടിക്കുന്നതിനുള്ള കരാര്‍ നേടിയെടുത്തതെന്നാണ് കിരിത്തിന്റെ ആരോപണം. നേരത്തെ ഈ ആരോപണമുന്നയിച്ചതിന് കോടി രൂപയുടെ മാനനഷ്ടത്തിന് രവികൃഷ്ണ വക്കീല്‍ നോട്ടീസ് അയച്ചിരുന്നെങ്കില്‍ കിരിത്ത് ബുധനാഴ്ച വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

വക്കീല്‍ നോട്ടീസ് അയച്ച് ഭയപ്പെടുത്തുന്നതിന് പകരം അന്വേഷണത്തിന് തയ്യാറാവുകയാണ് കമ്പനി ചെയ്യേണ്ടതെന്ന് കിരിത്ത് സോമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളായതിനാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ രാജസ്ഥാന്‍ ബി.ജെ.പി ഭരിക്കുമ്പോഴാണ് ടെന്‍ഡര്‍ നടപടിക്ക് തുടക്കം കുറിച്ചതെന്നും ടെണ്ടറില്‍ തുടര്‍നടപടിയുണ്ടായത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴാണെന്നത് യാദൃശ്ചികമാണെന്നും രവികൃഷ്ണ പ്രതികരിച്ചു. ഓഡിറ്റ് നടത്തിയ വ്യക്തികള്‍ കൈക്കൂലി ചോദിച്ചപ്പോള്‍ നല്‍കാത്തതിലുള്ള അരിശം തീര്‍ത്തതാണ് അഴിമതി ആരോപണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളായതുകൊണ്ട് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ തങ്ങളെ കരുവാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സിക്വിറ്റ്‌സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്’ 50 ആംബുലന്‍സുകള്‍കൊണ്ട് ഒരേ ദിവസം ആയിരക്കണക്കിന് സര്‍വീസ് നടത്തിയതായി കാണിച്ച് രാജസ്ഥാനിലെ എന്‍.ആര്‍.എച്ച്.എം ഫണ്ട് തരപ്പെടുത്തിയെന്ന ആരോപണവുമായി ബി.ജെ.പിയാണ് രംഗത്തെത്തിയത്. ‘സിക്വിറ്റ്‌സ’കമ്പനി ഓടാത്ത ട്രിപ്പുകളുടെ പേരില്‍ കോടികള്‍ വാങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച ബി.ജെ.പി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും കണ്‍സല്‍ട്ടന്റിന് കൈക്കൂലി നല്‍കാന്‍ തയാറാകാത്തതിനാല്‍ അവര്‍ തങ്ങളുടെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നുവെന്നുമാണ് രവികൃഷ്ണയുടെ വിശദീകരണം. ഇതേ തുടര്‍ന്ന് അദ്ദേഹം ആരോപണമുന്നയിച്ച കിരിത്തിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Malayalam news

Kerala news in English