തൃശൂര്‍:  ദേശീയപാതകളുടെ സ്ഥലമെടുപ്പ് പോലീസ് സഹായത്തോടെ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ആവശ്യത്തിന് പോലീസ് സഹായം  നല്‍കാന്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേശീയപാത സ്ഥലമെടുപ്പിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് സഹായം  തേടാന്‍ തീരുമാനിച്ചത്.

ദേശീയ പാത വികസന പദ്ധതിയുടെ നോഡല്‍ ഓഫീസറായ മരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിനുവേണ്ടി ഉത്തരവിറക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതി ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം പ്രകാരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റി രേഖാമൂലം ആവശ്യപ്പെട്ടിരുന്നിട്ടും പോലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്.

നാലുവരിയാക്കുന്ന ദേശീയപാത 17ല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍വ്വേ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ സ്ഥലം മാര്‍ക്ക് ചെയ്യാന്‍ എത്തിയ ഹൈവേ അക്വസിഷന്‍ വിഭാഗത്തെ പൂന്നയൂര്‍ക്കുളത്ത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനിടെ വിട്ടുകൊടുത്ത സ്ഥലത്തിന്‍ ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന ആക്ഷേപവുമായി ദേശീയ പാത 47ലെ സ്ഥലമുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.