എഡിറ്റര്‍
എഡിറ്റര്‍
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷനില്‍ തൊഴിലാളി വെടിയേറ്റ് മരിച്ചു
എഡിറ്റര്‍
Monday 17th March 2014 9:26pm

neyveli

ചെന്നൈ : നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ തൊഴിലാളി സിഐഎസ്എഫ് കോണ്‍സ്റ്റബിളിന്റെ വെടിയേറ്റ് മരിച്ചു.

തൊഴിലാളികളുമായുണ്ടായ വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനുമിടെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ മരിക്കാനിടയായത്.

കരാര്‍ തൊഴിലാളിയായ സുരേഷ് (31) ആണ് കൊല്ലപ്പെട്ടത്. സുരേഷിന്റെ നേതൃത്വത്തില്‍ ഒരുസംഘം തൊഴിലാളികള്‍ ലിഗ്‌നൈറ്റ് മൈനിനുള്ളില്‍ കടക്കുന്നത് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രത്യേക അനുമതിയുള്ളവര്‍ക്കുമാത്രമാണ് മൈനുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സുരേഷിനും മറ്റുതൊഴിലാളികള്‍ക്കും അനുമതി പത്രം ഉണ്ടായിരുന്നില്ലെന്നും സിഐഎസ്എഫ് അറിയിച്ചു.

പ്രവേശനം നിഷേധിച്ചതിനെതുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാഭടനുമായി തൊഴിലാളികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തിയപ്പോള്‍ ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് നെയ്‌വേലി പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ രാംനാഥന്‍ പറഞ്ഞു.

സുരേഷ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. സുരേഷിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ സിഐഎസ്എഫ് ഓഫീസിലേക്ക് ഇരച്ചുകയറി.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Advertisement