അഹമ്മദാബാദ്: പശുസംരക്ഷകര്‍ എന്ന പേരില്‍ അതിക്രമങ്ങള്‍ കാണിക്കുന്നവരുടെ തനിനിറം ഒടുവില്‍ പുറത്തായി. ഗുജറാത്തിലെ ഗോസംരക്ഷകരും അറവുശാലക്കാരും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഹമ്മദാബാദിലെ അഖില ഭാരതീയ സാര്‍വ്വദളീയ ഗോരക്ഷാ മഹാഭിയാന്‍ സമിതിയും അറവുശാലകളും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ബാബു ദേശായി ഒപ്പിട്ട അനുമതി രേഖകളുമായി ശ്രീനാഥ്ജി ഗോശാലയില്‍ നിന്ന് അറവുശാലകളിലേക്ക് കൊണ്ട് പോകുകയായിരുന്ന ഒരു വണ്ടി പശുക്കളേയും കിടാങ്ങളേയും വഡോദര പൊലീസ് പിടികൂടിയപ്പോഴാണ് അവിശുദ്ധബന്ധം പുറംലോകം അറിയുന്നത്.


Also Read: വരള്‍ച്ചയുടെ ഭീകരത വരച്ച് കാട്ടുന്ന ചിത്രങ്ങള്‍; വര്‍ഷങ്ങളുടെ ഇടവേളയില്‍ പകര്‍ത്തിയ ക്ഷേത്രക്കുളത്തിന്റെ ചിത്രങ്ങള്‍ ഞെട്ടിക്കുന്നത്


ദേശീയ മൃഗക്ഷേമ ബോര്‍ഡിലെ മൃഗക്ഷേമ ഉദ്യോഗസ്ഥനായ ജതിന്‍ ജിതേന്ദ്ര വ്യാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഗോള്‍ഡന്‍ ചൗക്കില്‍ വെച്ചാണ് പശുക്കളെ കൊണ്ടുപോകുകയായിരുന്ന വാഹനം പിടികൂടിയത്.

ഒരു മൃഗക്ഷേമ പ്രവര്‍ത്തകനാണ് രഹസ്യവിവരം നടത്തിയത്. 12 പശുക്കളേയും പശുക്കിടാങ്ങളേയും അനങ്ങാന്‍ പോലും സാധിക്കാത്ത വിധം കുത്തി നിറച്ചാണ് കൊണ്ടുപോയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള മൃഗസംരക്ഷണശാലയിലേക്കാണ് പശുക്കളെ കൊണ്ടുപോകുന്നത് എന്നാണ് ‘ഔദ്യോഗികമായി’ പറഞ്ഞിരുന്നത്.

എന്നാല്‍ വാഹനത്തിന്റെ ഡ്രൈവറേയും ക്ലീനറേയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബറൂച്ചിലുള്ള ഒരു അറവുശാലയിലേക്കാണ് കൊണ്ടുപോകുകയാണെന്ന് വ്യക്തമായത്. ബാബു ദേശായി ഒപ്പിട്ട കത്തില്‍ പറഞ്ഞിരുന്നത് ഇവയെ മഹാരാഷ്ട്രയിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു.


Don’t Miss: രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു? കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാക്കി നഗ്മയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സൂപ്പര്‍താരം


പശുക്കളെ മഹാരാഷ്ട്രയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയാണെന്നാണ് എന്നും ഏഴ് പശുക്കളെ സാംറാലയിലെ മൃഗസംരക്ഷണ കേന്ദ്രത്തിന് സംഭാവന ചെയ്യുകയാണെന്നും കാണിച്ച് ബാബു ദേശായി അഹമ്മദാബാദിലെ കൃഷ്ണനഗര്‍ പോലീസ് സ്റ്റേഷനിലും പ്രാദേശിക ആര്‍.ടി ഓഫീസിലും അപേക്ഷ നല്‍കിയിരുന്നു. ഗുജറാത്തിലെ വിവിധ മുന്‍സിപ്പാലിറ്റികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും പശുക്കളെ ശേഖരിക്കുന്ന ബാബു ദേശായി ഇവയെ തന്റെ അധീനതയിലുള്ള ശ്രീനാഥ്ജി ഗോശാലയില്‍ പാര്‍പ്പിച്ച ശേഷം പിന്നീട് അറവുശാലകള്‍ക്ക് മറിച്ചു വില്‍ക്കുകയാണെന്ന് നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് ഇയാള്‍ ഗോശാലകള്‍ നടത്തിയിരുന്നത്. പശുക്കളെ കടത്തുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറേയും ക്ലീനറേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍: