എഡിറ്റര്‍
എഡിറ്റര്‍
രണ്ട് വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം: സുപ്രീംകോടതി വിദഗ്ധ സമിതി
എഡിറ്റര്‍
Tuesday 20th November 2012 11:37am

ന്യൂദല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്ത് ബാക്കിനില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി നിര്‍ദേശം. രണ്ട് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിര്‍മാര്‍ജനം ചെയ്യാമെന്നും അതുവരെ ഉപയോഗം തുടരാമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Ads By Google

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കാനും കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നശിപ്പിക്കാമെന്നും ഇതിന്റെ ചിലവ് എത്രയാകുമെന്ന്  പരിശോധിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ പുതുതായി നിര്‍മിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ കേരളവും കര്‍ണാടകവും മാത്രമാണ് നിരോധനത്തെ അനുകൂലിക്കുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കാമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി 27 ലേക്ക് മാറ്റിയിരിക്കുകയാണ്.

നേരത്തേ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍)മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് പുതിയ സമിതിയും നിര്‍ദേശിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധന വിഷയത്തില്‍ കേരളം നിലപാട് അറിയിച്ചില്ലെന്നും വിദഗ്ധ സമിതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഹാനികരമാണെന്ന നിലപാട് സംസ്ഥാനങ്ങള്‍ക്കില്ലെന്നും വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ചു വിദഗ്ധ സമിതി കേരളത്തിന്റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നാണ് മന്ത്രി കെ.പി മോഹനന്റെ പ്രതികരണം. എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ നിന്നു പിന്നോട്ടില്ലെന്നും തമിഴ്‌നാടും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Advertisement