എഡിറ്റര്‍
എഡിറ്റര്‍
അടുത്ത സമരം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വസതിക്കു മുന്നില്‍: ജസീറ
എഡിറ്റര്‍
Friday 31st January 2014 4:38pm

jaseera--news

ന്യൂദല്‍ഹി: തന്റെ അടുത്ത സമരം പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നിലെന്ന് മണല്‍ മാഫിയയ്‌ക്കെതിരെ സമരം ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിനി ജസീറ.

മണല്‍ മാഫിയയ്‌ക്കെതിരായ സമരം അവസാനിപ്പിച്ചുവെന്നറിയിച്ചതിന് ശേഷമാണ് ജസീറ തന്റെ പുതിയ സമരത്തെ പറ്റി അറിയിച്ചത്.

തനിക്ക് നല്‍കാമെന്നു പറഞ്ഞ അഞ്ച് ലക്ഷം രൂപ ഇതു വരെ ചിറ്റിലപ്പള്ളി നല്‍കിയിട്ടില്ലെന്നും പരസ്യത്തിന് വേണ്ടി ചിറ്റിലപ്പള്ളി തന്റെ പേര് ഉപയോഗിക്കുകയായിരുന്നുവെന്നും ജസീറ പറഞ്ഞു.

തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളോട് തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നറിയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്ന് പിന്നീട് ചിറ്റിലപ്പള്ളി അറിയിക്കുകയായിരുന്നു.

ദല്‍ഹിയില്‍ സമരത്തിലായിരുന്നതിനാല്‍ ജസീറയ്ക്ക് സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞില്ല. നല്‍കാമെന്നു പറഞ്ഞ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും തന്റെ പേര് പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചുമാണ് ജസീറ ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

അതേസമയം പ്രഖ്യാപിച്ച തുക നല്‍കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ജസീറയുടെ കുട്ടികളുടെ പേരില്‍ തുക ബാങ്കിലിടാന്‍ ഇപ്പോഴും തയ്യാറാണെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

എന്നാല്‍ കുട്ടികള്‍ക്കായി നല്‍കുന്ന പണം സ്വീകരിക്കില്ലെന്ന നിലപാടിലാണ് ജസീറ. തന്റെ കുട്ടികളില്‍ ചിറ്റിലപ്പിള്ളിക്ക് യാതൊരു അവകാശവുമില്ലെന്നും സമരത്തിനായി തുക തരുന്നെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നുമാണ് അവരുടെ നിലപാട്.

മണല്‍കടത്തലിനെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് നേരത്തേ ജസീറ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ജസീറ അറിയിച്ചത്.

തന്റെ സമരം വിജയിച്ചെന്ന പറഞ്ഞ ജസീറ സാമൂഹിക വിഷയങ്ങളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

മണല്‍ മാഫിയയ്‌ക്കെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ 62 ദിവസം സമരം നടത്തിയതിന് ശേഷമാണ് ജസീറ ദല്‍ഹിയിലേക്ക് സമരം മാറ്റിയത്. മൂന്ന് മാസത്തിലധികമായി ജസീറ ദല്‍ഹിയില്‍ സമരം നടത്തി വരികയായിരുന്നു.

മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ് സ്‌റ്റേഷന് മുന്നിലും കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും സമരം നടത്തിയിരുന്നു.

പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 63 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്.

Advertisement