കാന്‍ഡി: പിറന്നാളുകുട്ടി റോസ് ടെയ്‌ലര്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനെതിരേ ന്യൂസിലാന്‍ഡിന് 110 റണ്‍സിന്റെ വമ്പന്‍ ജയം. സ്‌കോര്‍: ന്യൂസിലാന്‍ഡ് 7/ 302, പാക്കിസ്ഥാന്‍ 192. 124 പന്തില്‍ 131 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നെടുന്തൂണായ ടെയ്‌ലറാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് മോശം തുടക്കമാണ് ലഭിച്ചത്. അമ്പതുറണ്‍സിനിടെ രണ്ടുവിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. വിക്കറ്റ് വീഴാതെ പിടിച്ചുനില്‍ക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചതോടെ റണ്‍റേറ്റ് മൂന്നിനും താഴെയായി. അഫ്രീഡിയും അഖ്തറും ഉമര്‍ ഗുലും നാല്‍പ്പത്തിയഞ്ചാം ഓവര്‍ വരെ നന്നായി പന്തെറിഞ്ഞു.

എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ പാക്കിസ്ഥാനെ കശക്കിയടിക്കാന്‍ കച്ചകെട്ടിയിറങ്ങിയതായിരുന്നു ടെയ്‌ലര്‍. 45 ഓവറില്‍ അഞ്ചുവിക്കറ്റിന് 188 എന്ന നിലയിലായിരുന്നു കിവീസ്. തുടര്‍ന്ന് ടെയ്‌ലറും സ്‌റ്റൈറിസും ഓറവും ചേര്‍ന്ന് പാക്കിസ്ഥാനെ ഇല്ലാതാക്കുകയായിരുന്നു. നാല്‍പ്പത്തിയാറാം ഓവര്‍ എറിഞ്ഞ അഖ്തറിനെ 28 റണ്‍സിനും അടുത്ത ഓവര്‍ എറിയാനെത്തിയ റസാഖിനെ 30 റണ്‍സിനും ടെയ്‌ലര്‍ ശിക്ഷിച്ചു.

ഒടുവില്‍ കിവീസ് ഇന്നിംഗ്‌സ് കഴിയുമ്പോള്‍ സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞത് പാക് താരങ്ങള്‍ക്കും ആരാധകര്‍ക്കും വിശ്വസിക്കാനായില്ല. ജയിക്കാന്‍ വേണ്ടത് 303 റണ്‍സ്!

എല്ലാം തകര്‍ന്നവരെപ്പോലെയാണ് പാക്കിസ്ഥാന്‍ മറുപടി ബാറ്റിംഗിനിറങ്ങിയത്. അവസരം മുതലാക്കിയ കിവീസ് ബൗളര്‍മാര്‍ പാക് നിരയെ തകര്‍ത്തെറിഞ്ഞു. 192 റണ്‍സെടുക്കാനേ പാക് നിരക്ക് സാധിച്ചുള്ളൂ. പാക്കിസ്ഥാനായി അബ്ദുള്‍ റസാഖ് 62 റണ്‍സെടുത്തു. ഉമര്‍ അക്മലിന്റെ 38 റണ്‍സിനും പാക്കിസ്ഥാന്റെ തോല്‍വിയെ തടയാനായില്ല.