ഗ്രേമൗത്ത്: ന്യൂസിലന്‍ഡിലെ ഖനിയില്‍ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന 29 പേരെ രക്ഷിക്കാനുള്ള ശ്രമം വൈകുന്നു. ഖനിയില്‍ യന്ത്രമനുഷ്യനെ(റോബോട്ട്) അയച്ച് രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ തുരങ്കത്തില്‍ ഇറക്കിയ യന്ത്രമനുഷ്യന്‍ അധികം താമസിക്കാതെ പ്രവര്‍ത്തനരഹിതമായതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു.

റോബോട്ടിനെ തുരംഗത്തിലിറക്കി ഖനിയിലെ വാതകത്തിന്റെ അളവു കണക്കാക്കാനും ഖനിക്കുള്ളിലകപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കാനുമായിരുന്നു ശ്രമം. എന്നാല്‍ റോബോട്ടിന് തകരാറുപറ്റിയതോടെ രക്ഷാപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

തകരാറായ റോബോട്ടിനു പകരം ഓസ്‌ത്രേലിയയില്‍ നിന്നോ, യു.എസില്‍ നിന്നോ റോബോട്ടിനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതരിപ്പോള്‍.

എന്നാല്‍ മൂന്നുദിവസം വിഷവാതകം നിറഞ്ഞിരിക്കുന്ന ഖനിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നു പറയാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ പൈക് റിവര്‍ കല്‍ക്കരിഖനിയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനത്തെത്തുടര്‍ന്ന 29പേര്‍ കുടുങ്ങിയത്. അഞ്ചുപേര്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു.