വാഷിംഗ്ടണ്‍: ലിബിയയില്‍ ആഭ്യന്തര കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നാല് മാധ്യമപ്രവര്‍ത്തകരെ കാണാതായി. ‘ദ ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തിന്റെ നാലു റിപ്പോര്‍ട്ടര്‍മാരെയാണ് കിഴക്കന്‍ ലിബിയയില്‍ നിന്നു കാണാതായത്.

ആന്തണി ഷാഡിഡ്, സ്റ്റീഫന്‍ ഫാരല്‍, എന്നിവരെയും രണ്ട് ഫോട്ടോഗ്രാഫര്‍മാരെയുമാണ് കാണാതായത്. ഇവരില്‍ ആന്തണി ഷാഡിഡ് രണ്ടു തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നടക്കുന്ന കിഴക്കന്‍ മേഖലയില്‍ നിന്നാണ് ഇവരെ കാണാതായത്. മാധ്യമപ്രവര്‍ത്തകരുമായി ചൊവ്വാഴ്ചയാണ് ഏറ്റവുമൊടുവില്‍ ബന്ധപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബില്‍ കെല്ലര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ കാണാനില്ലെന്ന കാര്യം ലിബിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയതായും മാധ്യമപ്രവര്‍ത്തകരുടെ തിരോധനം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും കെല്ലര്‍ കൂട്ടിച്ചേര്‍ത്തു. കാണാതായ മാധ്യമപ്രവര്‍ത്തകര്‍ സൈന്യത്തിന്റെ പിടിയിലാണെങ്കില്‍ സുരക്ഷിതമായി വിട്ടയയ്ക്കുമെന്ന് ലിബിയന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചതായി കെല്ലര്‍ പറഞ്ഞു.

ശനിയാഴ്ച അല്‍ജസീറ ക്യാമറാമാന്‍ അലി ഹസന്‍ അല്‍ ജാബേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.