ന്യൂയോര്‍ക്ക്: ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നും മോസ്‌കോയിലേയ്ക്കു പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 193 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നൂറിലധികം വരുന്ന അഗ്നിശമനസേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. അതേസമയം, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.