സിഡ്‌നി: വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ക്ക് പലതരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. തത്സമയ വാര്‍ത്താവതരണത്തിനിടെയാണ് ഇത്തരം മണ്ടത്തരങ്ങള്‍ അധികവും സംഭവിക്കാറ്. സോഷ്യല്‍ മീഡിയയില്‍ ഇവ വേഗം പ്രചരിക്കുകയും ട്രെന്റിംഗ് ആവുകയും ചെയ്യും.

അങ്ങനെ വാര്‍ത്ത വായിക്കുന്നതിനിടെ ദിവാസ്വപ്‌നം കണ്ടിരുന്നു പോയ ഒരു വാര്‍ത്താ അവതാരകയുടെ വീഡിയോയയാണ് പോയ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.


Also Read: റയല്‍ മാഡ്രിഡില്‍ വന്‍ പൊട്ടിത്തെറി; ക്രിസ്റ്റ്യാനോയെ പുറത്താക്കണമെന്ന ആവശ്യവുമായി സഹതാരങ്ങള്‍; സൂപ്പര്‍ താരത്തിനെതിരെ പോരിനിറങ്ങി ഗാരത് ബെയ്‌ലും ടോണി ക്രൂസും


ഓസ്‌ട്രേലിയയിലെ പ്രാദേശിക ചാനലായ എ.ബി.സി ന്യൂസ് 24 ന്റെ അവതാരകയായ നതാഷ എക്‌സ്ല്‍ബിയ്ക്കാണ് അമളി പറ്റിയത്. ക്യൂന്‍സ്‌ലാന്റില്‍ നിന്നുമുള്ള വാര്‍ത്തയ്ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ വാര്‍ത്ത കഴിഞ്ഞത് അറിയാതെ പേന കൊണ്ട് കളിച്ചിരിക്കുന്ന നതാഷയെയാണ് ലോകം കണ്ടത്.

അബദ്ധം പറ്റിയെന്നു മനസ്സിലായ നതാഷയുടെ റിയാക്ഷനായിരുന്നു വീഡിയോയെ ട്രെന്റാക്കി മാറ്റിയത്. അമളി പറ്റിയ നതാഷ അയ്യോ എന്ന അര്‍ത്ഥത്തില്‍ വാ പൊളിച്ചിരുന്നു പോയെങ്കിലും തൊട്ടു പിന്നാലെ തന്നെ അടുത്ത വാര്‍ത്തയിലേക്ക് അവര്‍ പോവുകയും ചെയ്തു.

വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമടക്കം ട്രന്റായി മാറിയതോടെ പ്രതികരണവുമായി നതാഷ തന്നെ രംഗത്തെത്തി. ‘ എല്ലാവര്‍ക്കും എന്റേയും എന്റെ പേനയുടേയും നന്ദി’. എന്നായിരുന്നു നതാഷയുടെ പ്രതികരണം.

15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നതാഷ ചാനലിലെ സീനിയര്‍ എഡിറ്റര്‍മാരിലൊരാളാണ്.