എഡിറ്റര്‍
എഡിറ്റര്‍
പത്രഏജന്റുമാരുടെ സമരം പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 25th April 2012 5:19pm

കൊച്ചി:  കഴിഞ്ഞ 32 ദിവസമായി സംസ്ഥാനത്ത് പത്ര ഏജന്റുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സംഘവുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

പത്ര ഏജന്റുമാരുടെ അസോസിയേഷനെ അംഗീകരിക്കാനും അവരുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്ന് പത്രഉടമകള്‍ അറിയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ ഏജന്റുമാര്‍ തയ്യാറായത്. ഏജന്റുമാരുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സമയം ആവശ്യമുണ്ടെന്ന് പത്ര ഉടമകള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മെയ് 26ന് മധ്യസ്ഥ സംഘത്തിന്റെ കീഴില്‍ യോഗം ചേരാനും യോഗത്തില്‍ പത്രഉടമകള്‍ തീരുമാനം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കമ്മീഷന്‍ 50%മാക്കി വര്‍ധിപ്പിക്കുക, ഉത്സവകാല ബത്ത നല്‍കുക, സപ്ലിമെന്റുകള്‍ കമ്മീഷന്‍ നല്‍കുക, എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരം ഏപ്രില്‍ 13നാണ് പത്രവിതരണക്കാരുടെ സമരം പരിഹരിക്കാന്‍ മധ്യസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 17ന് മധ്യസ്ഥ സംഘത്തിന്റെ ആദ്യ സിറ്റിംഗ് നടന്നു. എന്നാല്‍ അത് തീരുമാനമാകാതെ പിരിഞ്ഞതോടെ ഏപ്രില്‍ 25ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement