കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ പരിഗണക്കമെന്നാവശ്യപ്പെട്ട് പത്രവിതരണക്കാരും ഏജന്റുമാരും ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കി. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ പത്രവിതരണം നടന്നതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്.

ഏജന്റ്‌സി വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കുക, പത്രവിതരണക്കാര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കുക, ഉത്സവബത്ത അനുവദിക്കുക, സപ്ലിമെന്റുകള്‍ക്കും ഇരട്ടപത്രങ്ങള്‍ക്കും പ്രത്യേകം ഏജന്റുമാരെ നിര്‍ത്തുകയോ, അവവിതരണം ചെയ്യാന്‍ പ്രത്യേകം ശമ്പളം അനുവദിക്കുകയോ ചെയ്യുക, ഏജന്റ് ആവശ്യപ്പെടാതെ പത്രം കൂടുതല്‍ നല്‍കാതിരിക്കുക, ഏജന്റുമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച് അതിനനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കുക, ഡെപ്പോസിറ്റ് തുകയ്ക്ക് ലാഭവിഹിതമോ, ന്യായമായ പലിശയോ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഏജന്റ്‌സ് വ്യവസ്ഥകളാണ് ഇപ്പോഴും തുടരുന്നതെന്ന് കേരളാ ന്യൂസ് പേപ്പേഴ്‌സ് ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ ബാലന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. 32 വര്‍ഷം മുന്‍പ് ഏജന്റുമാര്‍ക്ക് 44% കമ്മീഷന്‍ നല്‍കിയിരുന്നു. 30വര്‍ഷം മുന്‍പ് ഇത് 26% ആയി കുറച്ചിരുന്നു. ഇപ്പോഴും ഈ സ്ഥിതി തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ 50% വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരട്ടപത്രങ്ങളും, സപ്ലിമെന്റുകളും പത്രത്തിനൊപ്പം വരാത്തതിനാല്‍ അവ ഒരുമിച്ച് ചേര്‍ത്ത് വിതരണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഒന്നുകില്‍ ഓരോ പത്രത്തിനൊപ്പവും അതിനൊപ്പമിടേണ്ട സപ്ലിമെന്റും, ഇരട്ടപത്രവും ചേര്‍ത്ത് നല്‍കുക. അല്ലെങ്കില്‍ ഇവയ്ക്കായി പ്രത്യേക ഏജന്റുമാരെ വയ്ക്കുകയോ, നിലവിലുള്ള ഏജന്റിന് ശമ്പളം കൂട്ടി നല്‍കുകയോ ചെയ്യണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്രവിതരണക്കാര്‍ പലതവണ ധര്‍ണകളും, സമരങ്ങളും നടത്തിയിരുന്നു. പത്രമാനേജ്‌മെന്റുകള്‍ക്കും ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിക്കും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടുണ്ടെല്ലെന്ന് ബാലന്‍ പറഞ്ഞു.