എഡിറ്റര്‍
എഡിറ്റര്‍
പത്രവിതരണക്കാരുടെ സമരം പരിഹരിക്കാന്‍ മധ്യസ്ഥശ്രമം വേണം: ഹൈക്കോടതി
എഡിറ്റര്‍
Thursday 12th April 2012 9:54am

കൊച്ചി: പത്രവിതരണക്കാരുടെ സമരവും തുടര്‍പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മധ്യസ്ഥശ്രമം വേണമെന്ന് ഹൈക്കോടതി. ഏജന്റുമാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി മധ്യസ്ഥ ചര്‍ച്ചക്ക് ഹൈക്കോടതി മീഡിയേഷന്‍ സെന്ററിന്റെയും മധ്യസ്ഥരുടെയും സഹായം അനുവദിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

മധ്യസ്ഥ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക പത്ര ഉടമകളടക്കമുള്ള കക്ഷികള്‍ വെള്ളിയാഴ്ച സമര്‍പ്പിക്കണം. കോടതിക്ക് പുറത്തുള്ള മധ്യസ്ഥ ശ്രമം ഇപ്പോള്‍ വേണ്ടതില്ലെന്നും എന്നാല്‍, ആഗ്രഹമുള്ളവര്‍ക്ക് മധ്യസ്ഥ ശ്രമത്തെ സഹായിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

പത്രവിതരണക്കാരുടെ സമരം പരിഹരിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ബേസില്‍ അട്ടിപ്പേറ്റി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

അതിനിടെ, കേസില്‍ തങ്ങളെ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരള ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അഡ്വ. സെബാസ്റ്റിയന്‍ പോള്‍ മുഖേന കോടതിയെ സമീപിച്ചു. സംഘടനകളുടെ പേരില്‍ പത്രവിതരണം തടയുന്ന നടപടി നിയമവിരുദ്ധമാണെന്ന് പത്രം ഉടമകള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ ലാല്‍ ജോണ്‍, മാതൃഭൂമി സര്‍ക്കുലേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എന്‍ ബൈജു എന്നിവരാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഏജന്റുമാരുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തെ ഹൈക്കോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. പത്രവിതരണം തടസ്സപ്പെടുത്തുന്ന ഏജന്റുമാരുടെ സമരം സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

പത്രവിതരണം നടക്കുന്നില്ലെങ്കില്‍ പത്രങ്ങള്‍ അച്ചടിച്ചിട്ടെന്തു കാര്യമെന്ന് ചോദിച്ച ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും ആരാഞ്ഞു. ഏജന്റുമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 49 കേസുകള്‍ പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗവണ്‍മെന്റ് പ്‌ളീഡര്‍ അഡ്വ. ഗിരിജാ ഗോപാല്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി എടുത്തെന്ന് ഡിവിഷന്‍ ബെഞ്ച് തുടര്‍ന്ന് ചോദിച്ചു.

Advertisement