എഡിറ്റര്‍
എഡിറ്റര്‍
ഏജന്റുമാരുടെ സമരം പരസ്യവരുമാനത്തെ ബാധിച്ചു; മാതൃഭൂമിക്കും മനോരമക്കും നഷ്ടം ഇരുപത് കോടിയിലേറെ
എഡിറ്റര്‍
Wednesday 28th March 2012 11:07am

കോഴിക്കോട്: മാര്‍ച്ച് 20 ന് തുടങ്ങിയ പത്ര ഏജന്റുമാരുടെ സമരം മുഖ്യധാരാ പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. സമരം തുടങ്ങി അഞ്ച് നാള്‍ പിന്നിട്ടപ്പോള്‍ ഐ.എന്‍.എസ് യോഗത്തില്‍ പങ്കെടുത്ത ഒരു പ്രമുഖ പത്രത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചത്. തങ്ങള്‍ക്ക് ആറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. മാതഭൂമിയുടെയും മനോരമയുടെയും പരസ്യവരുമാനത്തില്‍ ഇതുവരെ 20 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. സമരം ശക്തമായി മുന്നോട്ട് പോകവെ പരസ്യ വരുമാനത്തെ സാരമായി ബാധിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്.

മാതൃഭൂമിക്കും മനോരമക്കുമാണ് പരസ്യവരുമാനത്തില്‍ ഭീമമായ നഷ്ടമുണ്ടായിരിക്കുന്നത്. ഈ രണ്ട് പത്രങ്ങളാണ് പത്ര പരസ്യത്തിലെ 75 ശതമാനവും വിഴുങ്ങുന്നത്. ഉല്‍പ്പാദനച്ചിലവ് ഏറ്റവും കൂടുതലുള്ള പത്രവും ഇവ രണ്ടുമാണ്. ഈ സാഹചര്യത്തില്‍ പരസ്യവരുമാനത്തിലുണ്ടാവുന്ന വന്‍ ഇടിവ് തുടര്‍ന്നാല്‍ പത്രങ്ങള്‍ പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ തങ്ങള്‍ക്ക് 20 ലക്ഷം കോപ്പിയുണ്ടെന്നാണ് മനോരമ അവകാശപ്പെടുന്നത്. 15 ലക്ഷം കോപ്പിയുണ്ടെന്ന് മാതൃഭൂമിയും അവകാശപ്പെടുന്നു. എന്നാല്‍ സമരം തുടങ്ങിയതോടെ ഈ കണക്കുകള്‍ നിഷ്പ്രഭമായി. വായനക്കാരുടെ കയ്യിലെത്താത്ത പത്രത്തിന് പരസ്യം നല്‍കാന്‍ സംരംഭകര്‍ തയ്യാറുമല്ല.

അതേസമയം ഏജന്റുമാരുടെ സമരം പൊളിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന നിലപാടിലാണ് മുഖ്യധാരാ മാധ്യമങ്ങളുടെ മാനേജ്‌മെന്റുകള്‍. 1000ക്കണക്കിന് ഏജന്റുമാര്‍ക്ക് മാനേജ്‌മെന്റ് ഇതിനകം ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. പകരം സമാന്തര ഏജന്‍സിയുണ്ടാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി റീഡേഴ്‌സ് ഫോറം സജീവമാക്കി അതുവഴി വിതരണം നടത്താനുള്ള നീക്കം നടത്തുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും പങ്കെടുപ്പിച്ച് സമരക്കാര്‍ക്കെതിരെ പ്രസ്താവനയിറക്കുന്ന സാഹചര്യവുമുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ഏജന്റുമാര്‍ അറിയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളെയും ഇങ്ങിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയെ മാത്രം സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ഇത് ദേശാഭിമാനിക്ക് വേണ്ടി നടത്തുന്ന സമരമാണെന്നുമുള്ള പ്രചാരണമാണ് മാതൃഭൂമിയും മനോരമയും നടത്തുന്നതെന്ന് ഏജന്റ്‌സ്് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് കെ.കെ ബാവ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ന്യൂസ്‌പേപ്പര്‍ കണ്‍സ്യൂമേഴ്‌സ് ആന്‍ഡ് റീഡേഴ്‌സ് ഫോറം എന്ന സംഘടനയുടെ പേരില്‍ മാവൂര്‍റോഡിലെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പത്രവില്‍പ്പനയും കൂട്ടായ്മയും നടത്തിയിരുന്നു. എം.ജി.എസ്. നാരായണന് പത്രം നല്‍കിക്കൊണ്ട് മന്ത്രി ഡോ. എം.കെ. മുനീറാണ് പരിപാടി ഉദ്ഘാടനംചെയ്ത്. പള്ളിയും മറ്റ് സഭാ സംവിധാനങ്ങളും ഉപയോഗിത്ത് പത്ര വിതരണം നടത്താനാണ് മനോരമ ശ്രമം നടത്തുന്നത്. എന്നാല്‍ നിലവിലെ വരിക്കാരുടെ അഞ്ച് ശതമാനത്തിന് പോലും ഈ സംവിധാനങ്ങള്‍ വഴി പത്രങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംവിധാനം എത്രകാലം മുന്നോട്ടുകൊണ്ട് പോകാനാവുമെന്ന കാര്യത്തിലും പത്ര മാനേജ്‌മെന്റ് ത്‌ന്നെ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

Malayalam News

Kerala News in English

Advertisement