എഡിറ്റര്‍
എഡിറ്റര്‍
മാതൃഭൂമി ചര്‍ച്ചയ്ക്ക് ദൂതരെ വിട്ടു, മനോരമയ്ക്ക് പിടിവാശി; പത്രസമരത്തില്‍ നിന്ന് പിന്നോട്ടില്ല
എഡിറ്റര്‍
Wednesday 4th April 2012 5:56pm

വിവിധ ആവശ്യങ്ങളുന്നയിച്ച് പത്ര ഏജന്റുമാര്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. പത്ര പാരായണം ദിനചര്യയുടെ ഭാഗമാക്കിയവരാണ് മലയാളികള്‍. എന്നാല്‍ രണ്ടാഴ്ചയായി അവരുടെ പൂമുഖത്ത് പത്രങ്ങളെത്തുന്നില്ല. പത്രം വായിക്കാന്‍ കഴിയാത്ത വായനക്കാരന്റെ രോഷം ഉപയോഗിച്ച് സമരം പൊളിക്കാന്‍ മാനേജ്‌മെന്റ് എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനായി അവര്‍ മന്ത്രിമാരെയും സിനിമാ താരങ്ങളെയം രംഗത്തിറക്കി.

ഏജന്റുമാര്‍ക്കൊരു സംഘടനയുണ്ടെന്ന കാര്യം പോലും വായനക്കാരില്‍ നിന്ന് മറച്ചുവെച്ച പത്ര ഉടമകള്‍ ഇപ്പോള്‍ വായനക്കാരുടെ അറിയാനുള്ള അവകാശത്തെക്കുറിച്ച് വാചാലരാവുകയാണ്. സമരത്തെക്കുറിച്ചും സമരം പൊളിക്കാനുള്ള മാനേജ്‌മെന്റ് നീക്കങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ന്യൂസ്‌പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്റെ കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ്  കെ.കെ. ബാവ ഡൂള്‍ന്യൂസ് പ്രതിനിധി റഫീഖ് മൊയ്തീനുമായി സംസാരിക്കുന്നു.

? പത്രപാരായണം മലയാളിയെ സംബന്ധിച്ചടത്തോളം ഒരു സംസ്‌കാരം തന്നെയാണ്. കേരളത്തിലാകമാനം പത്രങ്ങള്‍ വിതരണം ചെയ്യാതെ ഇത്തരത്തില്‍ ഒരു സമരം ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കലല്ലേ? മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമല്ലേ?

പത്രങ്ങള്‍ വിതരണം ചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ഒരു സമരം ആദ്യാമായിട്ടാണ്. ജില്ലകളിലും ചില പ്രദേശങ്ങളിലൊക്കെയായി ഒറ്റപ്പെട്ട സമരങ്ങള്‍ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും കേരളമൊന്നാകെ വ്യാപിപ്പിച്ചുകൊണ്ട് ഇത്തരമൊരു സമരം ആദ്യമായാണ്.

ഒരു പരിധിവരെ ഈ സമരം അറിയാനുള്ള അവകാശം നിഷേധിക്കലും മാധ്യമ സ്വാതന്ത്ര്യം ഹനിക്കലുമെല്ലാം ആയിരിക്കാം. കാരണം പത്രങ്ങള്‍ കിട്ടുന്നില്ല, വാര്‍ത്തകള്‍ അറിയുന്നില്ല. പക്ഷേ, ഇവിടെ നിങ്ങള്‍ കാണേണ്ട കാര്യം അറിയാനുള്ള അവകാശം നിഷേധിച്ചത് ആര് എന്നുള്ളതാണ്. 2010 ജൂലൈ 17-ാം തിയ്യതിയാണ് കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നോട്ടീസ് എല്ലാ പത്ര മാനേജ്‌മെന്റുകള്‍ക്കും ഞങ്ങള്‍ സമര്‍പ്പിക്കുന്നത്. അതായത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഒട്ടനവധി പ്രക്ഷോഭങ്ങള്‍, പത്രമാപ്പീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍ എല്ലാം നടത്തി.

ഞങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് 2011 സെപ്തംബര്‍ മൂന്നിന് ഒരു വണ്‍ഡേ സ്‌ട്രൈക്കും നടത്തി. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നുള്ളതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് ആ വണ്‍ ഡേ സ്‌ട്രൈക്ക് നടത്തിയത്. എന്നിട്ടും പത്ര ഉടമകള്‍ ഒരു നീക്കവും നടത്തിയില്ല. അതുമാത്രമല്ല, ആ വണ്‍ ഡേ സ്‌ട്രൈക്കില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് അവര്‍ ചെയ്തത്. അതായത് അന്ന് വിതരണം മുടങ്ങിപ്പോയ പത്രങ്ങളുടെ വില ഈടാക്കുക, ഏജന്‍സി റദ്ദ് ചെയ്ത് അതേ മേഖലയില്‍ പുതിയ ഏജന്‍സികള്‍ നല്‍കുക തുടങ്ങിയ നടപടികളാണ് വണ്‍ ഡേ സ്‌ട്രൈക്കില്‍ പങ്കെടുത്തവര്‍ക്കെതിരില്‍ ഉണ്ടായത്.

അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യാനും കൂട്ടായി വില പേശാനുമുള്ള അധികാരം ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ടതാണ്. ഞങ്ങള്‍ സംഘടിച്ചു എന്നുള്ളത് അവര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. പത്ര ഏജന്റുമാര്‍ക്ക് ഒരു സംഘടനയുണ്ട് എന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഞങ്ങള്‍ അറിയാനുള്ള അവകാശം നിഷേധിക്കുന്നു എന്നു പറയുന്നവര്‍ ഇതും കൂടി അറിയണം-ഞങ്ങള്‍ ഒരു വാര്‍ത്ത നല്‍കിയാല്‍ അവര്‍ അത് പ്രസിദ്ധീകരിക്കാറില്ല. ഇക്കാര്യത്തില്‍ ചെറുകിട പത്രങ്ങള്‍ വ്യത്യസ്തരാണ്. മാധ്യമം, മംഗളം, ദേശാഭിമാനി….. ദേശാഭിമാനി സ്ഥിരമായി ഞങ്ങളുടെ വാര്‍ത്തകള്‍ കൊടുക്കാറുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് അനിവാര്യമായി വന്നത്.

ഇത് ഒരു അനിശ്ചിത കാല സമരത്തിലേക്കാണ് പോകുന്നത് എന്ന് അവര്‍ക്കറിയാമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് സ്ഥിതിഗതികള്‍ ആകെ ഞങ്ങള്‍ ധരിപ്പിച്ചിരുന്നു. ഒരു മെമ്മോറാണ്ടം തയ്യാറാക്കി കൊടുത്തിരുന്നു. ഈ മേഖലയില്‍ ഒരു അനിശ്ചിത കാല സമരം അനിവാര്യമായി വരുന്നുണ്ടെന്ന് അതില്‍ വ്യക്തമായി പറഞ്ഞിരുന്നു. അറിയാനുള്ള അവകാശം വളരെ പ്രാധാന്യമുള്ളതായി കരുതുന്നവര്‍ സമരം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തേണ്ടതായിരുന്നു. അറിയാനുള്ള അവകാശം നിഷേധിക്കുകയാണ് എന്ന് പറഞ്ഞാല്‍, വാദത്തിന് അത് അംഗീകരിച്ചാല്‍ പോലും അതിന് ഞങ്ങളല്ല ഉത്തരവാദികള്‍-പത്രമാനേജ്‌മെന്റുകളാണ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

? രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണ്?

മലയാള മനോരമ, മാതൃഭൂമി ഒഴികെയുള്ള എല്ലാ ചെറുകിട പത്രങ്ങളെയും സമരത്തില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചിരുന്നത്. അതിനിടയില്‍ തന്നെ ചില പത്രങ്ങള്‍ ഞങ്ങളുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ മുന്നോട്ട് വന്നു. ചെറുകിട പത്രങ്ങളെ മുഴുവനായി ഒഴിവാക്കി എന്ന് ആ സന്ദര്‍ഭത്തില്‍ പറഞ്ഞാല്‍, ഞങ്ങള്‍ക്ക് സമരം ബാധകമല്ലെന്ന് പറഞ്ഞ് ഞങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നവര്‍ പോലും പുറകോട്ട് പോകും. അതുകൊണ്ടാണ് ഞങ്ങള്‍ ചെറുകിട പത്രങ്ങളെയും സമരത്തില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രം-അതുസംബന്ധിച്ച് വ്യത്യസ്ത നിലപാടുകള്‍ ഞങ്ങള്‍ക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പത്രം നടത്തുന്നത് ലാഭേഛയോടുകൂടിയല്ല. അവരുടെ ആശയ പ്രചാരണത്തിനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് അവര്‍ പത്രം നടത്തുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും ഇവരാരെയും ഒഴിവാക്കിയിട്ടില്ല. ഞങ്ങളുടെ സമരം സംബന്ധിച്ച് അവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇത് ഒരു സി.പി.ഐ.എം സ്‌പോണ്‍സേര്‍ഡ് സമരമാണെന്ന് ആരോപണമുണ്ടല്ലോ. ദേശാഭിമാനിയെ സമരത്തില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടിയല്ലേ മറ്റു പാര്‍ട്ടികളുടെ പത്രങ്ങളെയും സമരത്തില്‍ നിന്നും ഒഴിവാക്കിയത്?

ഒരിക്കലുമല്ല. സി.പി.ഐ.എമ്മിന് ഈ സമരവുമായി ഒരു ബന്ധവുമില്ല. സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകരോ അനുഭാവികളോ ആയിട്ടുള്ള ആളുകള്‍ സമര രംഗത്തുണ്ട് എന്നു മാത്രം.

നേരത്തെ പറഞ്ഞതു പോലെ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. ‘ദേശാഭിമാനി’ പത്രം ഒഴിവാക്കാന്‍ വേണ്ടിയല്ല മറ്റു പാര്‍ട്ടികളുടെ പത്രങ്ങളെ ഒഴിവക്കിയത്. കോണ്‍ഗ്രസ് നടത്തുന്ന ‘വീക്ഷണം’ ഒഴിവക്കിയിട്ടുണ്ടല്ലോ….. സി.പി.ഐയുടെയും ബി.ജെ.പിയുടെയുമെല്ലാം പത്രങ്ങള്‍ ഒഴിവക്കിയിട്ടുണ്ട്. അതുപോലെ സി.ഐ.ടി.യു നടത്തുന്ന സമരവുമല്ല ഇത്.

സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് എടുത്ത സംഘടനയല്ലേ ഇത്?

പതിനാലു ജില്ലകളില്‍ കണ്ണൂര്‍ ജില്ലയിലെ യൂണിയന്‍ മാത്രമാണ് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് എടുത്തിട്ടുള്ളത്. മറ്റു ജില്ലകളിലെ യൂണിയനുകള്‍ സി.ഐ.ടി.യുവില്‍ അഫിലിയേറ്റിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകാം. അതുകൊണ്ട് ഇത് സി.ഐ.ടി.യു നടത്തുന്ന സമരമാണെന്ന് പറഞ്ഞുകൂടാ. ഞങ്ങള്‍ അങ്ങിനെ അവകാശപ്പെടാനും പോകുന്നില്ല.

സി.ഐ.ടി.യു ഈ സമരത്തെ പിന്തുണക്കുന്നുണ്ടോ? ഈ സമരത്തോടുള്ള സി.ഐ.ടി.യുവിന്റെ നിലപാട് എന്താണ്?

സമരത്തെ സി.ഐ.ടി.യു പിന്തുണക്കുന്നുണ്ട്. സി.ഐ.ടി.യു ഒരു സെന്‍ട്രല്‍ ട്രേഡ് യൂണിയനാണ്. ഏത് പണിയെടുക്കുന്ന വിഭാഗത്തിന്റെ സമരം വന്നാലും അവര്‍ അതിനെ പിന്തുണക്കും. പിന്തുണക്കാന്‍ അവര്‍ ബാധ്യസ്തരാണ്. സി.ഐ.ടി.യു മാത്രമല്ല, മറ്റു ട്രേഡ് യൂണിയനുകളും ഞങ്ങളെ പിന്തുണക്കുന്നുണ്ട്. അവരെല്ലാം അടുത്ത ദിവസങ്ങളില്‍ പരസ്യമായി തങ്ങളുടെ നിലപാടുകള്‍ അറിയിക്കുമെന്നാണ് അറിയുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളും നിങ്ങള്‍ സമരത്തില്‍ നിന്നും ഒഴിവാക്കി. പക്ഷേ, ഒറ്റ മന്ത്രിപോലും, രാഷ്ട്രീയ പാര്‍ട്ടി പോലും നിങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സമരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.ഐ.എം പറഞ്ഞിരിക്കുന്നത്.

പിന്തുണച്ചിട്ടില്ല എന്നത് പോട്ടെ, ഭിക്ഷ കൊടുത്തില്ലെങ്കിലും പട്ടിയെക്കൊണ്ട് കടിപ്പിക്കരുത് എന്ന ഒരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. കോഴിക്കോട്ടുകാരനായ മന്ത്രി എം.കെ മുനീര്‍, അദ്ദേഹം നല്ല ഒരു വ്യക്തിയാണെന്നും മാന്യനാണെന്നുമാണ് എന്റെ അഭിപ്രായം. അദ്ദേഹമാണ് ഒരു ദിവസം തെരുവിലിറങ്ങി മനോരമയും മാതൃഭൂമിയും വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കിയത്. യു.ഡി.എഫിന്റെ രാഷ്ട്രീയ ധ്രുവീകരണത്തിനു വേണ്ടിയാണ് മനോരമയും മാതൃഭൂമിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.ഐ.എമ്മിനെ കടന്നാക്രമിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്.

സി.പി.ഐ.എമ്മിന്റെ അജണ്ടയാണ് ഈ സമരമെന്നും യു.ഡി.എഫിനു വേണ്ടി ശക്തമായി ശബ്ദിക്കുന്ന രണ്ടു പത്രങ്ങളുടെ വായ മൂടിക്കെട്ടുക എന്നതാണ് ഞങ്ങളുടെ സമരത്തിന്റെ ലക്ഷ്യമെന്നും ആരോപിച്ചു കൊണ്ട് യു.ഡി.എഫ് വ്യാപകമായി ഞങ്ങളുടെ സമരത്തിന് എതിരായി നിലപാട് എടുക്കുകയും പല സ്ഥലങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പത്രവിതരണം നടത്തുകയും ചെയ്യുന്നു. ഈ സമരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാക്കിയെടുക്കാന്‍ മനോരമയും മാതൃഭൂമിയും വളരെയധികം ശ്രമിച്ചിട്ടുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായി യു.ഡി.എഫിലെ കോണ്‍ഗ്രസും ലീഗും സമരത്തിനെതിരെ നിലപാട് എടുത്ത് രംഗത്തിറങ്ങിയിട്ടുണ്ട്.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നിഷ്പക്ഷമായി നിലകൊണ്ട് ഈ സമരം തീര്‍ക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. പക്ഷേ ചര്‍ച്ചയ്ക്ക് വരാത്ത മാനേജ്‌മെന്റുകളുടെ നിലപാട് തെറ്റാണെന്ന് തുറന്നു പറയുക, അവരെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന വിമര്‍ശനം ഞങ്ങള്‍ക്കുണ്ട്.

സെപ്തംബര്‍ മൂന്നിന്റെ വണ്‍ഡേ പണിമുടക്കു ദിവസം ഏജന്റുമാര്‍ വിതരണം ചെയ്യാതിരുന്ന പത്രത്തിന്റെ വില ഈടാക്കുന്നതിനെതിരെ കോഴിക്കോട്ട് ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ഒരു സമരം നടന്നിരുന്നു. ആ പണിമുടക്കില്‍ സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പത്രങ്ങളെ തകര്‍ക്കാന്‍ വേണ്ടിയാണ് സമരം എന്ന പ്രചാരണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഐ.എന്‍.എസ് (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി) ന്റെ അഖിലേന്ത്യാ ചെയര്‍മാനും ഇന്റര്‍നാഷണല്‍ പ്രസ്സ് ഏജന്‍സി എന്ന അന്താരാഷ്ട്ര സംഘടനയുമെല്ലാം ഞങ്ങളുടെ സമരം പത്ര സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണ് എന്നൊക്കെ പ്രസ്താവന പുറപ്പെടുവിച്ചു. അതിന്റെ കുന്തമുന സി.പി.ഐ.എമ്മിനെതിരായി അവര്‍ തിരിച്ചു വിട്ടപ്പോള്‍, സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. സി.ഐ.ടി.യുവിന്റെ ഓള്‍ ഇന്ത്യാ നേതൃത്വമെല്ലാം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തു വരികയുണ്ടായി.

സമരം ആരംഭിച്ചതിനു ശേഷം ഏതെങ്കിലും പത്ര മാനേജ്‌മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി വന്നിട്ടുണ്ടോ?

‘മംഗളം’, ‘ഇന്ത്യന്‍ എക്‌സ്പ്രസ്’, ‘മാധ്യമം’ എന്നീ പത്രങ്ങള്‍ ഞങ്ങളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ‘മെട്രോ വാര്‍ത്ത’ ഞങ്ങള്‍ സമരം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഒത്തു തീര്‍പ്പുണ്ടാക്കിയിരുന്നു.

സമരം പതിനാലു ദിവസം പിന്നിടുമ്പോഴും ഏതെല്ലാം മാനേജ്‌മെന്റുകളാണ് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാകാതിരിക്കുന്നത്?

മലയാള മനോരമയാണ് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും ഇതുവരെ തയ്യാറാകാതിരിക്കുന്നത്. മാതൃഭൂമി നേരിട്ട് ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെങ്കിലും ദൂതന്മാര്‍ മുഖേനെ ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്, അവര്‍ക്ക് സമരം തീര്‍ക്കണമെന്ന് താല്‍പര്യമുണ്ട്. എന്നാല്‍, മലയാള മനോരമയെക്കൂടി പങ്കാളിയാക്കിക്കൊണ്ടുള്ള ഒരു തീരുമാനത്തിന് നില്‍ക്കുകയാണ് അവര്‍. കാരണം മാതൃഭൂമിക്കാണ് ഐ.എന്‍.എസിന്റെ ലീഡര്‍ഷിപ്പുള്ളത്. ഐ.എന്‍.എസിന്റെ കേരളാ സ്റ്റേറ്റ് റീജണല്‍ ചെയര്‍മാന്‍ മാതൃഭൂമിയുടെ മാനേജിംഗ് ഡയറ്കടര്‍ മിസ്റ്റര്‍ പി.വി ചന്ദ്രനാണ്. ഐ.എന്‍.എസിന്റെ ലീഡര്‍ഷിപ്പിലിരിക്കുന്ന ഒരു പത്രത്തിന് മറ്റുള്ളവരെ വഴിയിലിട്ട് പോകുക എന്ന ആരോപണം വരുമോ എന്ന ചിന്തയായിരിക്കണം അവരെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുന്നത്.

ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത മാനേജ്‌മെന്റുകള്‍ സമരത്തിനെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ എന്തൊക്കെയാണ്?

പത്ര ഏജന്റുമാരും മാനേജ്‌മെന്റും തമ്മില്‍ തൊഴിലാളി-മുതലാളി ബന്ധമില്ല, ഇവര്‍ വ്യവസായ തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ വരുന്നവരല്ല, ഇവര്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ്, അതുകൊണ്ട് അവരുമായി കൂടിയാലോചന നടത്താനോ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ ബാധ്യതയില്ല എന്നല്ലാമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. എന്നാല്‍ ഈ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഒരു സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ എന്നു പറയുന്നത് പത്രമാനേജ്‌മെന്റാണ്.

വര്‍ക്ക്മാന്‍ കോംപണ്‍സേഷന്‍ ആക്ട് എന്ന ഒരു നിയമമുണ്ട്, ആ നിയമപ്രകാരം ജോലിക്കിടെ പത്ര ഏജന്റിന് എന്തെങ്കിലും പരിക്കു പറ്റിയാല്‍ നഷ്ടപരിഹാരത്തിനായി പരാതി ഫയല്‍ ചെയ്യാന്‍ അവകാശമുണ്ട്. പ്രിന്‍സിപ്പല്‍ എംപ്ലോയറാണ് അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടത്. പ്രിന്‍സിപ്പല്‍ എംപ്ലോയറായ പത്ര മാനേജ്‌മെന്റിന് വേണ്ടിയാണ് പത്രം വിതരണം ചെയ്യുന്നത്. പത്രം പ്രിന്റ് ചെയ്ത് കെട്ടിവെച്ചാല്‍ വായനക്കാരന്റെ കൈയ്യില്‍ എത്തില്ല. ഈ പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട കൃത്യമായ പത്രം വായനക്കാരന്റെ കൈയ്യില്‍ എത്തിക്കുക എന്നത് നിര്‍വ്വഹിക്കുന്നത് പത്ര ഏജന്റാണ്.

ഇതെല്ലാം അവഗണിച്ച് മന്ത്രി വിളിച്ച കോണ്‍ഫറന്‍സില്‍ അവര്‍ നിരത്തുന്നത് സാങ്കേതിക വാദം മാത്രമാണ്. അവര്‍ക്കിതിലെല്ലാം ഉത്തരവാദിത്വമുണ്ട്. പത്ര ഏജന്റുമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അന്യായമാണ്, അനവസരത്തിലാണ് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. സാങ്കേതിക വാദം പറഞ്ഞ് സമരത്തെ നിരാകരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സില്‍ മന്ത്രി തന്നെ പറഞ്ഞത്, അവരുടെ വാദങ്ങള്‍ എല്ലാം അംഗീകരിച്ചാലും ഒരു സാമൂഹിക പ്രശ്‌നമെന്ന നിലക്കെങ്കിലും ഇത് പരിഗണിക്കേണ്ടതല്ലേ എന്നാണ്. ആ നിലക്കു പോലും അവര്‍ ഞങ്ങളുടെ സമരത്തെ അംഗീകരിക്കുന്നില്ല. 26 ശതമാനം മുതല്‍ 28 ശതമാനം വരെ ഇപ്പോള്‍ നല്‍കുന്ന കമ്മീഷന്‍ 50 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇതില്‍ അവരുടെ ഡിമാന്‍ഡ് അവര്‍ക്ക് പറയാം. പക്ഷേ, ഒരു ചര്‍ച്ചയ്ക്കും അവര്‍ ഇതുവരെ വന്നിട്ടില്ല.

സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒരി വിഭാഗം പത്ര ഏജന്റുമാര്‍ സമരം അവസാനിപ്പിച്ചതായി വാര്‍ത്തയുണ്ടല്ലോ. മലപ്പുറത്തും മറ്റു സ്ഥലങ്ങളിലും ഏജന്റുമാര്‍ പത്രം വിതരണം നടത്തുന്നുണ്ടല്ലോ.

സംസ്ഥാനതലത്തില്‍ ഞങ്ങള്‍ എടുത്ത തീരുമാനം അംഗീകരിക്കാതെയാണ് മലപ്പുറത്ത് അവര്‍ സമരം തുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ സമരത്തില്‍ നിന്ന് ഒഴിവാക്കി മറ്റെല്ലാ പത്രങ്ങളുടെയും വിതരണം നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ മലപ്പുറത്തെ ചില പത്ര ഏജന്റുമാര്‍ മാതൃഭൂമി മാത്രം രണ്ടു ദിവസം വിതരണം ചെയ്തില്ല. മലയാള മനോരമയുള്‍പ്പടെയുള്ള മറ്റു പത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പണിമുടക്ക് ആരംഭിച്ച മാര്‍ച്ച് 20, 21 തിയ്യതികളില്‍ അവര്‍ ഇത് തുടര്‍ന്നു. മറ്റു പത്രങ്ങളുടെയും വിതരണം നിര്‍ത്തിയിട്ട് സമരത്തിന്റെ പൊതുധാരയിലേക്ക് അവര്‍ വന്നത് 22-ാം തിയ്യതിയാണ്.

ഞങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ എടുത്ത നിലപാടിന് വിരുദ്ധമായ നിലപാട് സമരത്തിന്റെ ആരംഭം മുതല്‍ക്കെ അവര്‍ കൈകൊണ്ടിരുന്നു. ആ നിലപാട് തെറ്റാണെന്നും അതു സംബന്ധിച്ച് ഞങ്ങള്‍ അവരെ താക്കീത് ചെയ്യുകയും ചെയ്തു. അതിനിടെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ പണിമുടക്ക് പിന്‍വലിച്ചത്. ചില പത്ര മാനേജ്‌മെന്റുകള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു എന്നാണ് അവര്‍ പറയുന്നത്. സംഘടനാ നേതൃത്വത്തെ ഇതുസംബന്ധിച്ച് ഒരു വിവരവും അവര്‍ അറിയിച്ചിട്ടില്ല. അവര്‍ സ്വയം തീരുമാനിച്ചതാണ് അത്. ഞാന്‍ ചാനലുകളില്‍ വാര്‍ത്ത കണ്ടാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഒരുപക്ഷേ അവര്‍ ഏതെങ്കിലും ബാഹ്യ ശ്ക്തികളുടെ പ്രലോഭനത്തിനോ സമ്മര്‍ദ്ദത്തിനോ വശംവദരായതാവാം. എന്നാല്‍ മലപ്പുറം ജില്ലയില്‍ ധാരാളം പത്ര ഏജന്റുമാര്‍ ഇപ്പോഴും പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്.

തുടരുന്ന സമരം പത്ര മാനേജ്‌മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടോ? പരസ്യവരുമാനങ്ങളും മറ്റും കുറഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. വിഷുവും മറ്റു ഉത്സവ സീസണുകളിലും അവര്‍ക്ക് ഭീമമായ നഷ്ടമായിരിക്കുമല്ലോ നേരിടേണ്ടി വരിക.

കഴിഞ്ഞ ദിവസം ദി ഹിന്ദു പത്രത്തില്‍ ഒരു ലേഖനം കണ്ടു. മലയാള മനോരമയ്ക്ക് മാത്രം 37 കോടി രൂപ ഇതിനകം നഷ്ടം വന്നിട്ടുണ്ടെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. പരസ്യവരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാകും നഷ്ടം കണക്ക് കൂട്ടിയിട്ടുണ്ടാകുക. ഞങ്ങളുടെ പണിമുടക്ക് തുടങ്ങിയ ശേഷം അവര്‍ക്ക് ഒരു പരസ്യവും കിട്ടിയിട്ടില്ല. സംസ്ഥാന വ്യാപകമായി ഈ സമരം പിന്‍വലിച്ചതായി ഞങ്ങള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ അവര്‍ക്ക് ഇനി പരസ്യം കിട്ടുകയുള്ളൂ. ഒരാളെ എവിടുന്നെങ്കിലും പിടിച്ച് സമരം നിര്‍ത്തിയെന്ന് പറയിപ്പിച്ചാലൊന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

നിലവില ഏജന്റിനെയും ഏജന്‍സിയെയും റദ്ദ് ചെയ്ത് പുതിയ ഏജന്‍സി കൊണ്ടുവരാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല, അത്തരം നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിക്കും. അവര്‍ സ്ട്രീറ്റുകളിലും മറ്റും വെച്ച് പത്രങ്ങള്‍ വില്‍ക്കുന്നുണ്ട്, അതൊന്നും ഇപ്പോള്‍ ഞങ്ങള്‍ തടയുന്നില്ല……

പത്രം വിതരണം നടത്തിയവരെ കൈയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നല്ലോ.

തെരുവില്‍ പത്രം വിതരണം ചെയ്യുമ്പോള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഏജന്റുമാര്‍ അവരോട് നിങ്ങള്‍ പത്രം വിതരണം ചെയ്യരുതെന്നും ഞങ്ങള്‍ സമരത്തിലാണെന്നും പറയാറുണ്ട്. ഇങ്ങോട്ട് പരുഷമായി പെരുമാറിയപ്പോള്‍ ചില കശപിശയൊക്കെ ഉണ്ടായിരിക്കാം. അല്ലാതെ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലേക്കൊന്നും ഞങ്ങള്‍ പോയിട്ടില്ല.

പക്ഷേ നിലവിലെ ഏജന്‍സികള്‍ റദ്ദു ചെയ്ത് പുതിയ ഏജന്‍സികള്‍ കൊടുത്താല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും. ഞങ്ങളെ പിന്തുണക്കുന്ന സി.ഐ.ടി.യുവിന്റെയും ഐ.ന്‍.ടി.യു.സി ഉള്‍പ്പെടയുള്ള മറ്റു ട്രേഡ് യൂണിയനുകളെയും ബഹുജനങ്ങളുടെയും സഹായത്തോടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും.

മാനേജ്‌മെന്റുകള്‍ നിങ്ങളുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഈ അവസരത്തില്‍ സമരം നിങ്ങളുടെ ഭാവി നീക്കങ്ങള്‍ എന്തൊക്കെയാണ്? ഇതേ രീതിയില്‍ തന്നെ മുമ്പോട്ട് പോകാനാണോ തീരുമാനം?

മറ്റു തരത്തിലുള്ള സമരമുറകള്‍ സ്വീകരിച്ച് പണിമുടക്ക് ശക്തിപ്പെടുത്താനുളള ആലോചനകള്‍ നടക്കുന്നുണ്ട്. അതായത് സമരം ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയല്ലാതെ ഞങ്ങളുടെ മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. അല്ലെങ്കില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരത്തിനായുള്ള ശ്രമം നടത്തണം. എല്ലാവരും അംഗീകരിക്കുന്ന ആരാധ്യരായ ചില വ്യക്തികള്‍ സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആര് മധ്യസ്ഥരായി വന്നാലും ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സമരം തീരരുതെന്ന വാശിയൊന്നും ഞങ്ങള്‍ക്കില്ല. ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കില്‍ സമരം നീണ്ടുപോകും.

 

Advertisement