ലണ്ടന്‍: മാധ്യമരാജാവ് റുപ്പര്‍ട്ട് മര്‍ഡോക് പുലിവാല്‍പിടിച്ചിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തേക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ ന്യൂസ് ഓഫ് ദ വേള്‍ഡ് മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോവറിനെ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ ലണ്ടനിലെ വാട്‌ഫോര്‍ഡിലുള്ള സ്വവസതിയിലാണ് ഹോവറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അനുമാനങ്ങള്‍ അനുസരിച്ച് സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്റി കൗള്‍സണ്‍ ഫോണ്‍ ചോര്‍ത്തലില്‍ സജീവ പങ്കാണ് വഹിച്ചതെന്ന് ആദ്യമായി വെളുപ്പെടുത്തിയത് ഹോരെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ കൗണ്‍സണ്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.

Subscribe Us:

ഹോവറിന്റെ മരണത്തേക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നും എന്നാല്‍ സംശയിക്കത്തതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ആദ്യം സണ്ണിന്റെയും പിന്നീട് ന്യൂസ് ഓഫ് ദി വേള്‍ഡിന്റെയും എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ടറായിരുന്ന തന്നെ ഫോണ്‍ ചോര്‍ത്താനായി ആന്റി കൗള്‍സണ്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹോരെ വെളിപ്പെടുത്തിയിരുന്നു. തെറ്റുതിരുത്തലിന്റെ ഭാഗമായാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഹോരെ പിന്നീട് പറഞ്ഞിരുന്നു. അമിത മദ്യാപാനത്തിന്റെ പേരിലാണ് ഹോരെയെ ന്യൂസ് ഓഫ് ദി വേള്‍ഡില്‍ നിന്ന് പുറത്തായത്.

ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ എഡിറ്റര്‍മാരായ കോണ്‍സന്‍, റെബേക്ക ബ്രൂക്‌സ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പത്രവുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണത്തേത്തുടര്‍ന്ന് ലണ്ടന്‍ പോലീസ് കമ്മീഷണര്‍ പോണ്‍ സ്റ്റീഫന്‍സനും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജോണ്‍ യാട്‌സും ഇന്നലെ രാജിവച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വമ്പന്‍മാരുടെ തലയുരുളുമെന്നാണ് റിപ്പോര്‍ട്ട്.