ലണ്ടന്‍: 168 വര്‍ഷം പഴക്കുമുള്ള ‘ന്യൂസ് ഒഫ് ദ വേള്‍ഡ്’ പത്രം ചരിത്രത്തിന്റെ ഭാഗമായി. ‘താങ്ക് യൂ ആന്റ് ഗുഡ് ബൈ’ എന്ന സന്ദേശവുമായി ഇന്നാണ് ആ പത്രത്തിന്റെ അവസാന എഡിഷന്‍ പുറത്തിറങ്ങിയത്. പത്രത്തിന്റെ ചരമക്കുറിപ്പ് കൂടി ചേര്‍ത്താണ് ഇന്നത്തെ പതിപ്പ് പ്രിന്റ് ചെയ്തത്.

ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളെത്തുടര്‍ന്ന് വിവാദച്ചുഴിയിലും നിയമനടപടികളിലുമുകപ്പെട്ടതിനെ തുടര്‍ന്നാണ് 148 വര്‍ഷത്തെ ചരിത്രമുള്ള ജനപ്രിയ ബ്രിട്ടീഷ് ടാബ്ലോയ്ഡ് പ്രസിദ്ധീകരണം നിര്‍ത്തിയത്. ഇതുവരെ നല്‍കിയ എല്ലാ പിന്തുണക്കുും നന്ദി പറഞ്ഞ പ്രസാധകര്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് വായനക്കാരോട് എഡിറ്റോറിയലിലൂടെ ഖേദപ്രകടനവും നടത്തുന്നുണ്ട്.

മുപ്പത് ലക്ഷത്തോളം വരിക്കാരായിരുന്നു ഞായറാഴ്ചകളിലിറങ്ങുന്ന ഈ ടാബേ്‌ളായിഡിനായി കാത്തിരുന്നത്. ന്യൂസ് ഒഫ് ദി വേള്‍ഡിലൂടെ പുറത്തുവരുന്ന വമ്പന്മാരുടെ അഴിമതി-കിടപ്പറ കഥകള്‍ ഇനി തങ്ങള്‍ക്ക് ലഭിക്കില്ലെന്നതാണ് വായനക്കാരുടെ ഒരേ ഒരു ദു:ഖം.

ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ‘ന്യൂസ് ഒഫ് ദ വേള്‍ഡ്’ ടാബേ്‌ളായിഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ കൈ്‌ളവ് ഗുഡ്മാനെയും (43) സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തതോടെയാണ് പത്രത്തിന് തിരശീല വീണത്. ഫോണ്‍ ചോര്‍ത്തലിന് പുറമെ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കി വിവരങ്ങള്‍ ചോര്‍ത്തിയിരുന്നുവെന്ന കേസ് സംബന്ധമായിക്കൂടിയാണ് അറസ്റ്റ്.

ബ്രീട്ടീഷ് രാജകുടുംബത്തിന്റെയും, സെലിബ്രിറ്റികളുടെയും, അധോലോകത്തിന്റെയുമെല്ലാം പിന്നാമ്പുറ ബന്ധങ്ങളും, കിടപ്പറ രഹസ്യങ്ങളുമെല്ലാം ന്യൂസ് ഒഫ് ദ വേള്‍ഡിലൂടെ പുറം ലോകമറിഞ്ഞു. ഞായറാഴ്ചകളില്‍ ജനം ന്യൂസ് ഒഫ് ദ വേള്‍ഡ് പുറത്തുവിടുന്ന എക്‌സ്‌ക്‌ളൂസീവുകള്‍ക്കായി കാത്തിരുന്നു. അതുകൊണ്ട് തന്നെ ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ലേഖകരെ പ്രൈവറ്റ് ഇന്‍വസ്റ്റിഗേറ്റേഴ്‌സെന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ചിരുന്നു.