ലണ്ടന്‍: മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ഞായറാഴ്ച പത്രമായ ന്യൂസ് ഓഫ് ദി വേള്‍ഡ് അടച്ചുപൂട്ടുന്നു. പത്രത്തിലെ ചില ജീവനക്കാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് പത്രം അടച്ചുപൂട്ടുവാന്‍ മര്‍ഡോക് തീരുമാനിച്ചത്.

പത്രം അടച്ചുപൂട്ടുന്നതായി ന്യൂസ് കോര്‍പ്പിന്റെ ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ ജെയിസം മര്‍ഡോക്ക് പ്രഖ്യാപിച്ചു. പത്രം ജനങ്ങള്‍ക്കായി പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നാല്‍ ചില തെറ്റായ പെരുമാറ്റങ്ങള്‍ ആ കാര്യങ്ങളെ മുക്കികളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇറാക്കിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുടെ ഫോണ്‍ ചോര്‍ത്തിയ നടപടിയാണ് വിവാദത്തിലായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

വിവാദത്തെ തുടര്‍ന്ന് പത്രത്തിന്റെ വരിസംഖ്യയും വിശ്വാസ്യതയും കുറഞ്ഞിരുന്നു. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഞായറാഴ്ച പത്രമാണ് ന്യൂസ് ഓഫ് ദി വേള്‍ഡ്.