മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനില്‍ നിന്നും പ്രസ്‌കൗണ്‍സില്‍ സിമിതി വിശദീണം രേഖപ്പെടുത്തി. ചവാനെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ സമിതി അംഗങ്ങള്‍ നേരിട്ടെത്തി മൊഴിയെടുക്കുകയായിരുന്നു.

പ്രശ്‌നത്തില്‍ തിരഞ്ഞെടുപ്പുകമീഷന്‍ ചവാന് നേരത്തേ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചവാന്‍ നിഷേധിക്കുകയാണ് ചെയ്തത്. താനോ അനുയായികളോ മാധ്യമങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അന്വേഷണ സമിതിയോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ചവാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കി വാര്‍ത്ത കൊടുപ്പിച്ചതായി ആരോപണമുയര്‍ന്നത്.

രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി സായ്‌നാഥ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്ത കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സമിതി അംഗം പരഞ്ജയ് ഗുഹ തകുര്‍ത പറഞ്ഞു. ഇക്കാര്യമുന്നയിച്ച് തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയ കത്തിന് ഉടന്‍ മറുപടി നല്‍കുമെന്നും കൂടുതല്‍ വിശദീകരണം അപ്പോള്‍ നല്‍കുന്നതാണ് ഉചിതമെന്നും ചവാന്‍ പ്രതികരിച്ചെന്ന് തകുര്‍ത പറഞ്ഞു.