തിരുവനന്തപുരം: ചാനലില്‍ തന്നെ തീണ്ടാപ്പാട് അകലെ നിര്‍ത്തിയവര്‍ പൊതുസമൂഹത്തിലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ന്യൂസ് 18 ചാനലില്‍ നിന്നും ജാതിവിവേചനം നേരിടുന്നെന്ന പരാതിയുമായി രംഗത്തുവന്ന ദളിത് മാധ്യമപ്രവര്‍ത്തക. ഫേസ്ബുക്കിലൂടെയാണ് അവര്‍ ആരോപണവുമായി രംഗത്തുവന്നത്.

താന്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ഫാറൂഖ് കോളജില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദ് ചെയ്യാന്‍ ചിലര്‍ കോളജിനോട് ആവശ്യപ്പെട്ടുവെന്നാണ് യുവതിയുടെ ആരോപണം. ‘ന്യൂസ് റൂമിലെ ജാതീയത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറാണ് റദ്ദാക്കിയതെന്നാണ് യുവതി ആരോപിക്കുന്നത്.

‘പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല ഫാറൂഖ് കോളേജില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചത്. അവര്‍ തിരങ്ങെടുത്ത വിഷയം ഒന്നുമാത്രമാണ്. ന്യൂസ് റൂമിലെ ജാതീയത. അതായിരുന്നു വിഷയം. എനിക്കും എന്തേലും മറ്റുള്ളവര്‍ക്ക് പറഞ്ഞു നല്‍കാന്‍ സാധിക്കും എന്നൊരു തോന്നല്‍.

ഞാന്‍ വന്ന വഴി അതിനു ഞാന്‍ കൊടുത്ത ബഹുമാനം അത് ആര്‍കെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി. പക്ഷെ എന്താണ് ന്യൂസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവര്‍ത്തകര്‍ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു. ഞാന്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യാന്‍ കോളേജിനോട് ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ പരിപാടി റദ്ദു ചെയ്തു… എന്നാല്‍ അതേ പ്രോഗ്രാം സംഘാടകര്‍ വേദി മാറ്റി നടത്തി.’ അവര്‍ പറയുന്നു.

‘കഴിഞ്ഞ 9മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ മരിക്കാന്‍ ശ്രമിച്ചത്. അവിടെ നിന്നും രക്ഷപെട്ടപ്പോള്‍ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തില്‍ അപമാനിച്ചു. അന്നും ഞാന്‍ മൗനം പാലിച്ചു. പക്ഷെ ഇപ്പോള്‍ എന്റെ എല്ലാ മൗനവും അവര്‍ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാന്‍ നോക്കി. ഇനി എനിക്ക് ഉറക്കെ മിണ്ടണം.’ അവര്‍ പറയുന്നു.