കൊച്ചി: ന്യൂമാന്‍ കോളേജ് പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കൂടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലുവ സ്വദേശി അയൂബ്, ഓടക്കാലി സ്വദേശി അസീസ്, കാലടി സ്വദേശി നിയാസ് എന്നിവര്‍ക്കെതിരായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയതിന്റെ പേരിലാണ് ഇവരെ കേസില്‍ ഉള്‍പ്പെടുത്തിയത്. ഒളിസങ്കേതങ്ങളും വാഹനസൗകര്യവും പ്രതികള്‍ക്ക് ചെയ്തുകൊടുത്തു എന്ന ആരോപണവും ഇവര്‍ക്കെതിരായുണ്ട്.
കഴിഞ്ഞദിവസം പോലീസ് രണ്ടുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോതമംഗലം സ്വദേശി ശോഭിന്‍, മൂവാറ്റുപുഴ സ്വദേശി സജില്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ കൈവെട്ടുകേസില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചവരുടെ എണ്ണം പതിനാലായി.