വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിനു 12 നോട്ടിക്കല്‍ മൈല്‍ അകലെ 3000 ടണ്‍ എണ്ണയുമായി കടലിലെ പവിഴപ്പുറ്റില്‍ കുടുങ്ങിയ ലൈബീരിയന്‍ ചരക്കു കപ്പലില്‍ നിന്ന വന്‍തോതില്‍ എണ്ണചോരുന്നത് പരിസ്ഥിതിക്ക് ഭീഷണിയാകുന്നു.

ന്യൂസീലന്‍ഡിലെ ഏറ്റവും പ്രകൃതി സുന്ദരമായ മേഖലയിലൊന്നായ ബേ ഓഫ് പ്ലെന്റിക്കു സമീപം ബൂധനാഴ്ചയാണ് കപ്പല്‍ പവിഴപ്പുറ്റില്‍ കുടുങ്ങിയത്. 47,000 ടണ്‍ എണ്ണയുമായി പോയ റേന എന്ന ലൈബീരിയന്‍ കപ്പലില്‍ നിന്ന് 30 ടണ്ണിലേറെ എണ്ണ കടലില്‍ പരന്ന് കഴിഞ്ഞു.

Subscribe Us:

കപ്പല്‍ പൂര്‍ണമായി തകര്‍ന്നാല്‍ 1,700 ടണ്ണിലേറെ എണ്ണ കടലില്‍ പരക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഇത് തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാല്‍ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും വീശിതുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി.

മൂന്ന് മൈല്‍ ദൂരത്തിലേറെ പരന്ന എണ്ണ തിമിംഗലം, ഡോള്‍ഫിന്‍, നീലപെന്‍ഗ്വിന്‍ എന്നിവയുള്‍പ്പെടെയുള്ള ജീവികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുകയാണ്. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഹോളണ്ട്, സിങ്കപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200ലധികം വിദഗ്ധരെ എണ്ണച്ചോര്‍ച്ച നിയന്ത്രിക്കാന്‍ വിന്യസിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കേ വിമാനമാര്‍ഗം ദുരന്തസ്ഥലം വീക്ഷിച്ചു. സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.