കോഴിക്കോട്: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കാന്‍ മോദി തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ടദിനങ്ങള്‍ കാണേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കുന്നത്.

‘ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം’ (ദ മര്‍ഡര്‍ ഓഫ് ആന്‍ ഇന്ത്യന്‍ ജേണലിസ്റ്റ്) എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശനം.

‘ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മോദി ശക്തമായി അപലപിക്കുകയും ഹിന്ദുത്വവാദികളെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറയുകയും ചെയ്തില്ലെങ്കില്‍ വിമര്‍ശകര്‍ക്ക് പ്രതികാരം ഭയന്ന് ജീവിക്കേണ്ടിവരികയും ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ടനാളുകള്‍ കാണുകയും ചെയ്യും.’ എന്ന മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആള്‍ക്കൂട്ട ഭരണം നടപ്പിലാക്കാന്‍ അനുകൂലമായ അന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിനല്‍കിയിരിക്കുകയാണെന്ന വിമര്‍ശനവും എഡിറ്റോറിയല്‍ മുന്നോട്ടുവെക്കുന്നു. ‘ ‘മതേതരവാദികളെ’ അധിക്ഷേപിക്കുന്ന തന്റെ വലതുപക്ഷ ഹിന്ദു അനുയായികളിലൂടെ ആള്‍ക്കൂട്ട ഭരണം നടപ്പിലാക്കാനുള്ള അന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ചിരിക്കുകയാണ്. പ്രസ്റ്റിറ്റിയൂട്ടുകള്‍ എന്നവര്‍ വിശേഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ് ട്രോളുകള്‍ ചൊരിയുന്ന വിദ്വേഷം തീര്‍ത്തും ദോഷകരമാണ്.’ ന്യൂയോര്‍ക്ക് ടൈംസ് കുറിക്കുന്നു.


Must Read: ‘പേടിപ്പിച്ചുകളയാമെന്ന് ധരിക്കരുത്; ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്’ ബി.ജെ.പി നേതാവിന് കെ.കെ ഷാഹിനയുടെ ഉശിരന്‍ മറുപടി


1992നുശേഷം കുറഞ്ഞത് 27 ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെങ്കിലും തങ്ങളുടെ കടമ നിറവേറ്റിയതിന്റെ പേരില്‍ കൊല്ലപ്പെട്ടിരുന്നതെന്ന കണക്കും എഡിറ്റോറിയയില്‍ ന്യൂയോര്‍ക്ക് ടൈംസ് നിരത്തുന്നുണ്ട്.

വലതുപക്ഷ ഹിന്ദു ദേശീയവാദികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച നരേന്ദ്ര ദബോല്‍ക്കറിന്റെയും കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ പിടികൂടാത്തതിനെയും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നുണ്ട്.

‘കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള സി.സി.ടി.വി വീഡിയോകള്‍ പൊലീസിന് കൈമാറിയതിനാല്‍ ഗൗരിയുടെ സംഭവത്തില്‍ കൊലയാളികള്‍ പിടിക്കപ്പെട്ടേക്കാം. എന്നാല്‍ വലതുപക്ഷ ഹിന്ദു ദേശീയവാദികളുടെ കടുത്തവിമര്‍ശകരായ മറ്റുചിലരുടെ കൊലപാതകത്തില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല.’ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.