ന്യൂദല്‍ഹി: ഗ്രാമീണമേഖലയുടെ ഉന്നമനത്തിനും വികസനത്തിനുമായി പുതിയ ചാനല്‍ തുടങ്ങാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം. ഗ്രാമവികസന മന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും സംയുക്തമായാണ് ചാനല്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ വിവധ പദ്ധതികളെക്കുറിച്ച് ഗ്രാമീണ ജനങ്ങള്‍ക്ക് അവബോധം നല്‍കാനാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്.

അറിവിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ചാനല്‍. പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചാനലിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. ‘കോന്‍ ബനേഗാ ക്രോര്‍പതി ‘ പോലുള്ള വിനോദ പരിപാടികളും ചാനലിലൂടെ സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ദനങ്ങള്‍ക്ക് വിവരം നല്‍കുന്ന ക്വിസ് പ്രോഗ്രാമുകളും ചാനലിലൂടെ കാണാം.

ഗ്രാമീണര്‍ക്ക് അറിവ് ഗ്രാമീണമേഖലയിലെ ജനങ്ങള്‍ സര്‍ക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അഞ്ജരാണ്. ഇതുമൂലം പല വികസനപദ്ധതികളും ലക്ഷ്യം കാണുന്നില്ല. പുതിയ ചാനല്‍ വരുന്നതോടെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമവികസന വകുപ്പുമന്ത്രി സി പി ജോഷി വിശ്വാസം പ്രകടിപ്പിച്ചു.