എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍-രാജ്ഭവന്‍ തര്‍ക്കം ഒത്തുതീര്‍പ്പായി, ഗവര്‍ണര്‍ക്ക് പുതിയ ടൊയോട്ട കാംമ്രി
എഡിറ്റര്‍
Friday 29th November 2013 7:20am

secrateriat

തിരുവനന്തപുരം: വാഹനത്തെ ചൊല്ലി സംസ്ഥാനസര്‍ക്കാരും രാജ്ഭവനും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന തര്‍ക്കം ഒത്തുതീര്‍പ്പായി. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.

30 ലക്ഷം രൂപയാണ് കാംമ്രിയുടെ വില.

നേരത്തെ എം.ഒ.എച്ച് ഫറൂഖ് ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ സര്‍ക്കാര്‍ പുതിയ മെഴ്‌സെഡിസ് ബെന്‍സ് കാര്‍ വാങ്ങിയിരുന്നു. ഫറൂഖിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.

രാജ്ഭവനില്‍ നേരത്തെ തന്നെയുണ്ടായിരുന്ന ബെന്‍സിനെ കൂടാതെയാണിത്. എന്നാല്‍ അധികം താമസിയാതെ രോഗബാധിതനായി അന്തരിച്ചതിനാല്‍ അദ്ദേഹത്തിന് ഈ കാര്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ഗവര്‍ണറായത് എച്ച്.ആര്‍ ഭരദ്വാജായിരുന്നു. തുടക്കം മുതല്‍ തന്നെ അദ്ദേഹവും സംസ്ഥാനസര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

90 ലക്ഷത്തിന്റെ ഓഡി കാറായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഉപയോഗിക്കാത്ത പുതുപുത്തന്‍ ബെന്‍സ് ഉള്ളതിനാല്‍ സര്‍ക്കാര്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. തുടര്‍ന്ന് അദ്ദേഹം യാത്ര പഴയ ബെന്‍സിലാക്കി.

പിന്നീട് ഗവര്‍ണറായി നിഖില്‍ കുമാര്‍ എത്തിയതോടെ പുതിയ കാര്‍ എന്ന ആവശ്യം ശക്തമായി.

അതിനിടെ ദല്‍ഹിയിലെ കേരള ഹൗസിലേയ്ക്ക് മൂന്ന് ആഡംബരകാറുകള്‍ വാങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും എത്തുമ്പോള്‍ യാത്ര ചെയ്യാന്‍ പറ്റിയ കാറില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

രാജ്ഭവനിലേയ്ക്കും പുതിയ കാര്‍ എന്ന ആവശ്യം അതോടെ വീണ്ടും ഉയര്‍ന്നു വന്നു. ടൊയോട്ട കാംമ്രി ആയിരുന്നു ആവശ്യം. നേരത്തെ വാങ്ങിയ ബെന്‍സ് ടൂറിസം വകുപ്പിന് നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. ഈ നിര്‍ദ്ദേശം കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

Advertisement