ന്യൂദല്‍ഹി: പുതിയ ടെലികോം കരട് നയം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. രാജ്യത്തിനകത്ത് റോമിങ് സൗജന്യമാക്കല്‍, അതത് കാലത്തെ വിപണിക്കനുസരിച്ച് സ്‌പെക്ട്രം വില നിശ്ചയിക്കല്‍, സ്‌പെക്ട്രം വിതരണത്തിന് നിയമനിര്‍മാണം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ സ്‌പെക്ട്രം നയം. വാര്‍ത്താ വിതരണ മന്ത്രി കപില്‍ സിബലാണ് കരട് അവതരിപ്പിച്ചത്.

രാജ്യത്തെ ചെലവു കുറഞ്ഞ ബ്രോഡ് ബാന്‍ഡ് കേന്ദ്രമാക്കുക, മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാന പ്രകാരം മൊബൈല്‍ നമ്പര്‍ മാറാതെ രാജ്യത്തെ ഏതുസ്ഥലത്തേക്കു മാറുന്നതിനു അനുവാദം നല്‍കുക, ഒരു മൊബൈല്‍ കമ്പനിക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ലൈസന്‍സ് മതിയെന്ന സ്ഥിതി ഉണ്ടാക്കുക തുടങ്ങിവയാണ് പുതിയ ടെലികോം നയത്തിലെ പ്രധാനപ്പെട്ട മറ്റു വ്യവസ്ഥകള്‍.

2020 ഓടെ എല്ലാ ഗ്രാമങ്ങളിലും ടെലഫോണ്‍ എത്തിക്കും, ഗ്രാമങ്ങളിലെ ടെലിഫോണ്‍ സാന്ദ്രത 2017 ഓടെ 35 ശതമാനത്തില്‍നിന്ന് 60 ശതമാനമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും കപില്‍ വിശദീകരിച്ചു.

പുതിയ കരട് നയത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഒരുമാസമാണ് അനുവദിച്ചിട്ടുള്ളത്.