നെറ്റില്‍ പരതുന്നവരെ കൊതിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ്‌സ് (10 Gbps) വേഗതയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍! അതെ, ഇന്ന് ഇന്റര്‍നെറ്റ് പ്രധാനം ചെയ്യുന്ന വേഗത്തേക്കാളും 2,000 മടങ്ങ് വേഗത.

യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളും ചില ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ പദ്ധതിയുടെ പേര് സര്‍ദന (Sardana) എന്നാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യയാണ് ഈ അമ്പരപ്പിക്കുന്ന വേഗതയ്ക്കു പിന്നില്‍. നിലവിലുളള കേബിളുകളേക്കാള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേബിളുകള്‍ക്ക് വില കൂടുതലായിരിക്കും. എങ്കിലും ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാനാണ് ഗവേഷകരുടെ പദ്ധതി.

വീഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിനെ ഭരിക്കുന്ന കാലം വന്നുകൊണ്ടിരിക്കുകയാണല്ലോ. ഹൈ റസല്യൂഷന്‍ ഫോട്ടോകള്‍ വെബ്‌പേജിനെ ആകര്‍ഷകമാക്കിയ കാലമൊക്കെ പോയി. എച്ച്.ഡി വാള്‍പേപ്പറുകളും എച്ച്.ഡി വീഡിയോകളും ഹോംപേജില്‍ തന്നെ നിരന്നിരിക്കുന്ന മള്‍ട്ടിമീഡിയ പേജുകളിലേക്ക് വെബ്‌സൈറ്റുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ ഒരു വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ അത് മുഴുവനായി ലോഡ് ചെയ്തു വരണമെങ്കില്‍ മിനുട്ടുകള്‍ കാത്തിരിക്കണമായിരുന്നു.

ബ്രോഡ്ബാന്‍ഡും 3ജിയുമെല്ലാം വന്നതോടെ 7 mbps ഉം 10 mbps ഉം സ്പീഡ് സാധാരണക്കാരനിലേക്കെത്തി. 3ജി ബ്രോഡ്ബാന്‍ഡ് യു.എസ്.ബി മോഡത്തില്‍ വിപണിയിലെത്തിയതോടെ ഇന്റര്‍നെറ്റ് കഫേകളില്‍ തിരക്കു കുറഞ്ഞു. ഓരോരുത്തരും ഓരോ യു.എസ്.ബി മോഡം വാങ്ങി കൈവശം വെച്ച് തുടങ്ങിയിരിക്കുന്നു. യൂട്യൂബിലും മറ്റും വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഈ സ്പീഡും പോരെന്നാണ് നെറ്റില്‍ ഊളിയിടുന്നവരുടെ പരാതി.

Malayalam news

Kerala news in English