ന്യൂ ദല്‍ഹി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് (ബി. സി. സി. ഐ)നെ ഗവണ്‍മെന്റിന്റെ വരുതിയിലാക്കുന്ന ബില്ലിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ക്യാബിനറ്റ് തീരുമാനമെടുക്കുന്നു. 2011ലെ ലോകകപ്പ് ജയത്തിലൂടെ ബില്ല്യണ്‍ കണക്കിന് ഡോളറാണ് ബി. സി. സി. ഐ വാരിക്കൂട്ടിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബി. സി. സി. ഐ.യുടെ പ്രവര്‍ത്തനങ്ങളെ സുതാര്യമല്ലാതാക്കുന്ന ചട്ടക്കൂടാണ് ഇതിനുള്ളതെന്ന് ആക്ഷേപമുണ്ട്. സംഘടനയുടെ നിയമാവലിയില്‍ സ്വകാര്യ സ്വയംഭരണാവകാശം വകവെച്ചു നല്‍കുന്നുണ്ട്.

ബി. സി. സി. ഐ അടക്കമുള്ള എല്ലാ ക്രിക്കറ്റ് സംഘടനകളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ട് വരാനാണ് പുതിയ ബില്ലിലൂടെ പ്രധാനമായും ശ്രമിക്കുന്നത്. അധികാരികളെ തീരുമാനിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളെല്ലാം പുതിയ ബില്ല് പാസ്സായാല്‍ മാറും. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്കും സ്‌പോര്‍ട്‌സ് ഒഫീഷ്യലായി തുടരാനാവില്ല. ഈ ബില്ല് ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുക ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷനെയാകും. ഒരു ദശകത്തിലധികമായി അസ്സോസിയേഷന്റെ തലപ്പത്തിരിക്കുന്ന വി. കെ. മല്‍ഹോത്ര, ജഗദീഷ് ടൈറ്റര്‍ തുടങ്ങിയവര്‍ ഈ ബില്‍ പാസ്സായാല്‍ താഴെ ഇറങ്ങേണ്ടി വരും.

ഓംബുഡ്‌സ്മാന് സമാനമായ വ്യവസ്ഥകള്‍ ഈ നിയമത്തിലുണ്ടാകും. എല്ലാ സ്‌പോര്‍ട്‌സ് സംഘടനകളും പൊതുസ്ഥാപനങ്ങള്‍ എന്ന രീതിയില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരുമെന്നും കേന്ദ്ര കായിക മന്ത്രി അജയ് മാക്കാന്‍ പറഞ്ഞു.

മുന്‍ കായിക താരങ്ങള്‍ക്ക് കായിക സംഘടനകളിലേക്ക് 25 ശതമാനം സംവരണം നല്‍കാനും വ്യവസ്ഥയുണ്ട്. ബില്ല് നടപ്പായാല്‍ മരുന്നടി പിടിക്കാന്‍ അപ്രതീക്ഷിതമായ പരിശോധനകള്‍ നടപ്പിലാകും. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കേണ്ടി വരും. രാഷ്ട്രീയ നേതാക്കള്‍ ബില്ല് ചര്‍ച്ചക്ക് വരുമ്പോള്‍ എങ്ങിനെ ഇതിനോട് പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.