ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ടി-20 ടൂര്‍ണമെന്റില്‍ നിന്നും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമായ ന്യൂ സൗത്ത് വെയില്‍സാണ് ചെന്നൈയുടെ സെമി മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടത്. മത്സരത്തില്‍ 46 റണ്‍സിനാണ് ചെന്നൈ എതിരാളികളോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍: ന്യൂ സൗത്ത് വെയില്‍സ്: 20 ഓവറില്‍ 201/2. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.5 ഓവറില്‍ 155ന് ഓള്‍ ഔട്ട്.

ഓപ്പണറായ വാര്‍ണര്‍ പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസൗത്ത് വെയില്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പേര് കേട്ട ചെന്നൈ ബൗളര്‍മാരെ അടിച്ച് പറത്തി 69 പന്തില്‍ 11 ഫോറും എട്ട് സിക്‌സുമായി 135 റണ്‍സാണ് വാര്‍ണര്‍ കുറിച്ചത്. പതിനെട്ടാം ഓവറില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ അവസാന രണ്ട് ഓവറില്‍ മാത്രം നാല് സിക്‌സറുകളടക്കം അടിച്ച് കൂട്ടിയത് 35 റണ്‍സാണ്.

ജയിച്ചാല്‍ മാത്രമേ ടൂര്‍ണ്മമെന്റില്‍ മുന്നേറാന്‍ കഴിയൂ എന്ന ഭോദ്യത്തോടെ മറുപടി ബാറ്റിംഗിനിറങിയ ചെന്നൈക്ക് ഓപ്പണര്‍മാരായ മുറളിവിജയും മൈക്ക് ഹസിയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ന്യൂ സൗത്ത് വെയില്‍സ് വിജയം തട്ടിപ്പറിച്ചെടുക്കുകയായിരുന്നു.