മലയാള സിനിമയില്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങി നിന്ന നടിയായിരുന്നു ലെന. എന്നാല്‍ അടുത്തിടെ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് സിനിമയില്‍ ലെന നടത്തിയിരിക്കുന്നത്.

Ads By Google

ട്രാഫിക്, സ്പിരിറ്റ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ലെനയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി.

സുനില്‍ എബ്രഹാമിന്റെ ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ലെനയിപ്പോള്‍. വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചതിന്റെ ത്രില്ലിലാണ് നടി. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്തതില്‍ സന്തോഷമുണ്ടെന്നും ലെന വ്യക്തമാക്കി.

‘ പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന് നാല് അധ്യായങ്ങളുണ്ട്. നിരവധി സസ്‌പെന്‍സ് ഘടകങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ എന്റെ റോളിനെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. മനോഹരവും റിയലിസ്റ്റിക്കുമായ കഥാപാത്രമാണ് എന്റേതെന്ന് മാത്രം പറയാം. ഞാനിതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായത്’ ലെന പറഞ്ഞു.

നവാഗത സംവിധായകന്‍ അബിന്‍ ജേക്കബിന്റെ തോംസണ്‍ വില്ലയെന്ന ചിത്രത്തിലും ലെന അഭിനയിക്കുന്നുണ്ട്. മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ചിത്രത്തില്‍ കോടീശ്വരിയായ ബിസിനസുകാരിയെയാണ് ലെന അവതരിപ്പിക്കുന്നത്.

അരുണ്‍കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണ് ലെനയുടെ മറ്റൊരു ചിത്രം. മുരളി ഗോപിയുടെ ഭാര്യയായാണ് ചിത്രത്തില്‍ ലെന വേഷമിടുന്നത്. നടന്‍ ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.