s-class

മെഴ്‌സിഡീസ് ബെന്‍സിന്റെ മുന്തിയ മോഡലായ എസ് ക്ലാസിന്റെ ആറാം തലമുറ ഇന്ത്യയില്‍ വില്‍പ്പനയെക്കെത്തി. ചെന്നൈയില്‍ 1.60 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

എട്ടു വര്‍ഷത്തിനുശേഷം എത്തുന്ന മോഡലിന് രൂപമാറ്റത്തേക്കാളുപരി സാങ്കേതികവിദ്യാപരമായി മികവുകള്‍ ഏറെയാണ്. പഴയതിലും ഇരട്ടി വലുപ്പമുള്ള, കൂടുതല്‍ നിവര്‍ന്ന ഗ്രില്‍ മുന്‍ഭാഗത്തിനു എടുപ്പ് നല്‍കുന്നു.

വലിയ എയര്‍ ഇന്‍ടേക്കുള്ള മസ്‌കുലാര്‍ ബമ്പറും പുതിയ എല്‍ഇഡി ഹെഡ് ലാംപുകളും മറ്റു ആകര്‍ഷണീയമായ മാറ്റങ്ങള്‍ . അകത്തും പുറത്തും പൂര്‍ണ്ണമായും എല്‍ഇഡി ഉപയോഗിക്കുന്ന ആദ്യ കാറാണ് എസ് ക്ലാസ്.

അഞ്ഞൂറോളം എല്‍ഇഡികള്‍ കാറിലുണ്ട്. ഹെഡ്‌ലൈറ്റുകളില്‍ ഓരോന്നിലും 56 വീതമാണ് എല്‍ഇഡികള്‍ !!. ഹാലൊജന്‍ , സീനോണ്‍ ബള്‍ബുകളേക്കാള്‍ പ്രകാശം നല്‍കുന്നതിനൊപ്പം കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും എല്‍ഇഡിയുടെ മെച്ചം.

അലുമിനിയം നിര്‍മിത ബോഡിയുള്ള പുതിയ മോഡലിന് മുന്‍ഗാമിയെക്കാള്‍ 100 കിലോ ഗ്രാം ഭാരം കുറവുണ്ട്. വീതി പഴയതിലും ഒരിഞ്ച് കൂടിയിരിക്കുന്നു. ഇതു ഉള്‍വിസ്താരത്തില്‍ ചെറിയ വര്‍ധന നല്‍കുന്നുണ്ട്. എന്നാല്‍ ഉയരം ഒരിഞ്ചോളം കുറവാണ്.

മുപ്പത്തിയാറു വീതം എല്‍ഇഡികള്‍ അടങ്ങുന്നതാണ് ടെയ്ല്‍ ലാംപ് യൂണിറ്റ്. ഉന്നത നിലവാരമുള്ള ലെതറും തടിയും ഉപയോഗിച്ചു നിര്‍മിച്ചതാണ് ഇന്റീരിയര്‍ .12.3 ഇഞ്ച് വലുപ്പമുള്ള ഹൈ റെസലൂഷന്‍ ടിഎഫ്!ടി സ്‌കീനുകള്‍ ഡാഷ്‌ബോര്‍ഡിന്റെ പാതിയും കൈയ്യടക്കിയിരിക്കുന്നു.

രണ്ടു സ്‌ക്രീനുകളിലൊന്ന് പരമ്പരാഗത സ്പീഡോ  ടാക്കോ മീറ്റര്‍ ഡയലുകകള്‍ക്ക് പകരം വയ്ക്കുന്നു. ഡാഷ്‌ബോര്‍ഡിന് മധ്യഭാഗത്തായുള്ള സ്‌ക്രീനില്‍ മറ്റു മോഡേണ്‍ കാറുകളുടെ പോലെ ക്ലൈമറ്റ് കണ്‍ട്രോള്‍ , ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ജിപിഎസ് നാവിഗേഷന്‍ എന്നിവയുടെ വിവരങ്ങള്‍ തെളിയും. എന്നാല്‍ സ്റ്റിയറിങ് വീല്‍ പരമ്പരാഗതശൈലിയിലുള്ള ടൂ സ്‌പോക്ക് ടൈപ്പാണ്.

മസാജ് ചെയ്യാന്‍ സീറ്റുകള്‍ക്ക് കഴിയും. ഇന്റീരിയറില്‍ സുഗന്ധം നിറയ്ക്കണമെങ്കില്‍ അതുമാകാം. നാലുതരം പെര്‍ഫ്യൂമുകള്‍ ഇഷ്ടാനുസരണം ബട്ടന്‍ അമര്‍ത്തി തിരഞ്ഞെടുക്കാം.

വാഹനത്തിനുള്ളില്‍ വേഗം പെര്‍ഫ്യൂം സുഗന്ധം നിറയുമെങ്കിലും യാത്രക്കാരുടെ വസ്ത്രത്തില്‍ അതു പിടിയ്ക്കില്ല. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ െ്രെഡവറെ വച്ച് വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ പിന്‍സീറ്റിന്റെ യാത്രാസുഖം കൂട്ടുന്നതിലും കമ്പനി ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. പിന്‍സീറ്റിന്റെ ചാരുന്നഭാഗം 43.5 ഡിഗ്രി വരെ ചെരിക്കാം.

ഏറ്റവും പുതിയ സാങ്കേതികവിദ്യ എസ് ക്ലാസില്‍ അവതരിപ്പിച്ച ശേഷം മാത്രം മറ്റു മോഡലുകളിലും അവതരിപ്പിക്കുന്നതാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ പതിവ്. അത്തരത്തിലൊന്ന് പുതിയ എസ് ക്ലാസില്‍ കാണാവുന്നത് ഇന്റലിജന്റ് െ്രെഡവ് ടെക്‌നോളജിയാണ്.

ക്യാമറകളുടെയും റഡാറിന്റെയും സഹായത്തോടെ കാറിന്റെ 360 ഡിഗ്രി ദൃശ്യം ഉള്ളിലെ സ്‌ക്രീനില്‍ കണ്ട് വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ഇതു സഹായിക്കും.

ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് രാത്രിയില്‍ വഴിയാത്രക്കാരെയും മൃഗങ്ങളെയും തിരിച്ചറിഞ്ഞ് സൂചനനല്‍കുന്ന നൈറ്റ് വ്യൂ അസിസ്റ്റ് സിസ്റ്റം , നഗരങ്ങളില്‍ പോലും വേഗം നിയന്ത്രിച്ച് മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുന്ന ഡിസ്‌ട്രോണിക് പ്ലസ് തുടങ്ങി നിരവധി സൗകര്യങ്ങളും ഇന്റലിജന്റ് െ്രെഡവില്‍ ഉള്‍പ്പെടുന്നു.

മുന്നിലുള്ള റോഡിന്റെ സ്ഥിതി വിലയിരുത്തി അതിനനസരിച്ച് സസ്‌പെന്‍ഷന്‍ സ്വയം ക്രമീകരിക്കുന്ന മാജിക് ബോഡി കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. സീറ്റ് ബെല്‍റ്റിലും എയര്‍ ബാഗ് നല്‍കിയിരിക്കുന്നതും പുതുമയാണ്.

രണ്ട് എന്‍ജിന്‍ വകഭേദങ്ങളുണ്ട്. എസ് 350 മോഡലിന്റെ 3.0 ലീറ്റര്‍ വി 6 ഡീസല്‍ എന്‍ജിന് 258 ബിഎച്ച്പി  620 എന്‍എം ആണ് ശേഷി. ലീറ്ററിനു 18.18 കിമീ എന്ന ഉയര്‍ന്ന മൈലേജ് ഇതിനുണ്ട്.

ഇരട്ട ടര്‍ബോ ചാര്‍ജറുള്ള 4.7 ലീറ്റര്‍ , വി 8 പെട്രോള്‍ എന്‍ജിനാണ് എസ് 500 ന് . 455 ബിഎച്ച്പി  700 എന്‍എം ആണിതിനു ശേഷി. 4.8 സെക്കന്‍ഡുകൊണ്ട് 100 കിമീ വേഗമെടുക്കുന്ന കാറിന് 250 കിമീ / മണിക്കൂര്‍ ആണ് പരമാവധി വേഗം. റിയര്‍ വീല്‍ െ്രെഡവ് സെഡാന്റെ ഗീയര്‍ ബോക്‌സ് പഴയതുപോലെ ഏഴു സ്പീഡ് ഓട്ടോമാറ്റിക്കാണ്.

മെഴ്‌സിഡീസിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുള്ള മോഡലാണ് 1972 മുതല്‍ വിപണിയിലുള്ള എസ് ക്‌സാസ്. കാര്‍ വില്‍പ്പനയില്‍ ബിഎംഡബ്ല്യു , ഔഡി കമ്പനികള്‍ ബെന്‍സിനെ പിന്നിലാക്കിയപ്പോഴും എസ് ക്ലാസിന്റെ മേധാവിത്തം നഷ്ടമായിരുന്നില്ല.

2012 ല്‍ തുടര്‍ച്ചയായ എട്ടാം തവണയും ഏറ്റവും വില്‍പ്പനയുള്ള ആഡംബരസെഡാന്‍ എന്ന പദവി എസ് ക്ലാസ് നിലനിര്‍ത്തി. മോഡല്‍ മാറ്റം ഉണ്ടാകുമെന്ന വിവരം പുറത്തായ ശേഷവും വില്‍പ്പനകുറഞ്ഞില്ലെന്നത് അതിലും വലിയ കാര്യം.

നാലുദശാബ്ദത്തിടെ 35 ലക്ഷം എസ് ക്ലാസുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. 2005 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ അഞ്ചാം തലമുറ എസ് ക്ലാസിന്റെ വില്‍പ്പന അഞ്ചു ലക്ഷത്തിലേറെയായിരുന്നു.

Autobeatz