തിരുവനന്തപുരം: രാജ്യത്തെ ബഹുനില കെട്ടിടങ്ങള്‍ക്ക് പുതിയമാനദണ്ഡങ്ങള്‍ വരുന്നു.ഇതുസംബന്ധിച്ച മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 15 മീറ്ററിലധിം ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുന്നത്. ഇതിനു പുറമെ കെട്ടിടങ്ങള്‍ക്ക് അഗ്നിശമനസേനയുടെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും എന്‍.ഒ.സിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കെട്ടിടത്തിന്റെ സമീപത്തെ റോഡുകളുടെ വീതി പരിഗണിച്ചാണ് കെട്ടിടങ്ങളുടെ ഉയരം നിര്‍ണയിക്കുക. 15 മുതല്‍ 30 മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങളാണെങ്കില്‍ സമീപത്തെ റോഡിന്റെ വീതി 15 മീറ്ററെങ്കിലും ഉണ്ടായിരിക്കണം.

30 മുതല്‍ 40 മീറ്റര്‍ ഉയരമുള്ള കെട്ടിടടങ്ങള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് 18 മീറ്റര്‍ വീതി ഉണ്ടാകണം. 24 മീറ്റര്‍ വീതിയുള്ള റോഡിനടുത്ത് മാത്രമേ 40 മുതല്‍ 60 മീറ്റര്‍ വീതിയുള്ള കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുള്ളു. 60 മീറ്ററിനുമുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് സമീപമുള്ള റോഡുകള്‍ക്ക് 30 മീറ്റര്‍ വീതിയും നിര്‍ബന്ധമാണ്.

കെട്ടിടങ്ങളുടെ നിര്‍മ്മാണ സമയത്ത് ദേശീയ ദുരന്ത നിവാരണ സമിതിയും സംസ്ഥാന എന്‍.ഒ.സിയും പരിശോധന നടത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി അഗ്നിശമനസേനയും ദുരന്തനിവാരണ സേനയും മോക്ക്ഡ്രില്ലുകളും നടത്തേണ്ടതായുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണ സമയത്ത് തന്നെ എന്‍.ഒ.സി നിര്‍ബന്ധമാണെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നുണ്ട്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഉയരമേറിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ പരിഗണിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

Malayalam news

Kerala news in English