കൊച്ചി: മലയാള സിനിമയില്‍ ഒരു പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയിലെ വിമതവിഭാഗക്കാരാണ് പുതിയ സംഘടനയുടെ അണിയറയിലുള്ളത്. നിര്‍മാണ വിതരണ സംഘടനയെന്നാണ് പുതിയ സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ശക്തമായ പിന്തുണ പുതിയ സംഘടനയ്ക്കുണ്ട്.

ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ പുതിയ സംഘടനയോട് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ഭാവി. കഴിഞ്ഞവര്‍ഷം സിനിമാ സമരമുണ്ടായപ്പോള്‍ നടപടി നേരിട്ട നിര്‍മാതാക്കളാണ് പുതിയ സംഘടനയുടെ പിന്നില്‍. മലയാളത്തിലെ പല മുന്‍നിര നിര്‍മാതാക്കളും വിതരണക്കാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

അതിനിടെ, വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഇപ്പോഴുള്ള ചിത്രങ്ങള്‍ തുടര്‍ന്നും പ്രദര്‍ശിപ്പിക്കും.

വെള്ളിയാഴ്ച മുതല്‍ മലയാളമുള്‍പ്പെടെയുള്ള പുതിയ ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ നവംബറില്‍ സിനിമാ സമരത്തിനിടെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് സിനിമ റിലീസ് ചെയ്ത നാല് അംഗങ്ങളെ അവര്‍ പുറത്താക്കിയിരുന്നു. ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെയും 27 തിയേറ്ററുകള്‍ക്കെതിരെയും വിതരണക്കാരുടെ സംഘടന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോഴത്തെ നീക്കം.

സിനിമയെ തകര്‍ക്കുന്ന രീതിയിലുള്ള ഇത്തരം നടപടികള്‍ ന്യായീകരിക്കാനാവുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി ഗണേഷ് കുമാറിന് രണ്ടാഴ്ച മുന്‍പ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതു വരെ നടപടിയായിട്ടില്ല. അതിനാലാണ് വീണ്ടും സമര രംഗത്തേക്ക് കടക്കേണ്ടി വന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ സമരം രണ്ട് മലയാള ചിത്രങ്ങളുടെ റിലീസിനെ ബാധിക്കും.

Malayalam News

Kerala News In English