തൃശൂര്‍: പെണ്‍കുട്ടികള്‍ക്ക് ഏറെ ആശ്വാസമേകുന്ന ഉത്തരവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയങ്ങളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിയിടണമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് വകുപ്പിന്റെ ഉത്തരവ്. ഇത് ലിംഗവിവേചനമാണെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. നിലവില്‍ സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ മുടി രണ്ടായി മെടഞ്ഞിടണമെന്നത് നിര്‍ബന്ധമാണ്. പെണ്‍കുട്ടികള്‍ രണ്ടായി മുടി പിന്നിയിടണമെന്ന നിര്‍ദേശം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടത്. ഇതു പ്രകാരം ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് നേരത്തേ തന്നെ ഉത്തരവ് പുറത്തിറക്കിയിരുന്നു.

കാസര്‍കോട് ചീമേനി ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പി.എസ് അല്‍ഷയാണ് മുടി പിന്നിയിടണമെന്ന് സ്‌കൂളുകള്‍ നിര്‍ബന്ധം പിടിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. രാവിലെ കുളിച്ച ശേഷം ഉടന്‍ തന്നെ മുടി പിന്നിയിടുന്നത് മുടിയെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ചാണ് അല്‍ഷ പരാതി നല്‍കിയത്. ഇത് വിദ്യാര്‍ത്ഥിനികള്‍ക്ക് മാനസികമായി വരെ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണ്.