ന്യൂദല്‍ഹി: സുഹൃത്തുക്കളുമായി ചുറ്റിയടിക്കാനും ഷോപ്പിങ് നടത്താനും പുതിയ ഉത്പന്നങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലേക്ക് സ്വാഗതം. വേള്‍ഡ്ഫ്‌ളോട്ട് ഡോട്ട് കോം( worldfloat.com) എന്ന പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലാണ് പുതിയ സാങ്കല്‍പ്പിക ലോകം തുറക്കുന്നത്.

Ads By Google

യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ പലകാര്യങ്ങളും സാങ്കല്‍പ്പിക ലോകത്തില്‍ സാധിക്കുമെന്നതാണ് പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിന്റെ പ്രത്യേകത. ഉദാഹരണത്തിന് ബ്രസീലിലുള്ള സുഹൃത്തിനെ കാണാന്‍ തോന്നുകയാണെങ്കില്‍ വളരെ ഈസിയായി പോകാം. പാസ്‌പോര്‍ട്ട്, ടിക്കറ്റ്, പണം തുടങ്ങി യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്‌നങ്ങളൊന്നും തടസ്സമാവില്ല. സുഹൃത്തിനെ കാണാനും പറ്റും.

ദല്‍ഹി സ്വദേശിയായ പുഷ്‌കര്‍ മഹാട്ടയാണ് പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിന് പിറകില്‍.

സൈറ്റില്‍ കൂടുതല്‍ പുതിയ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായുള്ള പരീക്ഷണത്തിലാണ് പുഷ്‌കര്‍. സാങ്കല്‍പ്പിക ലോകത്തെ യഥാര്‍ത്ഥ ഷോപ്പിങ് മാളുകളും ഇ-കൊമേഴ്‌സുമൊക്കെയായി സൈറ്റ് ജൂണ്‍ ആറിന് പുറത്തിറങ്ങുമെന്നാണ് പുഷ്‌കര്‍ പറയുന്നത്.

പ്രധാനമായും യുവാക്കളെയാണ് വേള്‍ഡ്ഫ്‌ളോട്ട് ലക്ഷ്യമിടുന്നത്. ഭാവിയില്‍ ബിസിനസ്‌ – പ്രൊഫഷണല്‍ ഗ്രൂപ്പിനേയും ഉള്‍ക്കൊള്ളിക്കാനാണ് സൈറ്റിന്റെ തീരുമാനം.

1600 ഓളം നഗരങ്ങളാണ് വേള്‍ഡ് ഫ്‌ളോട്ടില്‍ ഉള്ളത്. ഏത് രാജ്യത്തും എപ്പോഴും സ്വതന്ത്രമായി പോകാമെന്നതാണ് സൈറ്റിന്റെ പ്രത്യേകത. ഏകദേശം 250 മില്യണ്‍ ഡോളറാണ് സൈറ്റിനായി ചിലവഴിച്ചിരിക്കുന്നത്.

ഇനി കാത്തിരിക്കാം, പുതിയൊരു ലോകത്തിനായി…