എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ റേഡിയേഷന് പുതിയ മാനദണ്ഡം ഇന്ന് മുതല്‍
എഡിറ്റര്‍
Saturday 1st September 2012 9:12am

മുംബൈ: മൊബൈല്‍ റേഡിയേഷനുള്ള പുതിയ മാനദണ്ഡം ഇന്നുമുതല്‍ നിലവില്‍ വരും. ഇനിമുതല്‍ വീട്, ഫ്‌ളാറ്റ്‌ എന്നിവയുടെ 35 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ടവറുകളുണ്ടെങ്കില്‍ ടെലികോം വകുപ്പില്‍ പരാതിപ്പെടാം. ടവര്‍ മാറ്റാന്‍ മൊബൈല്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴ  ഈടാക്കമെന്നാണ് പുതിയ മാനദണ്ഡത്തില്‍ പറയുന്നത്.

Ads By Google

രണ്ട് ആന്റിനകളുള്ള ടവറുകള്‍ ജനവാസമുള്ള കെട്ടിടങ്ങളില്‍നിന്ന് 35 മീറ്ററും 12 ആന്റിനകളുള്ള ടവറുകള്‍ 75 മീറ്റര്‍ അകലെയായും സ്ഥാപിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

പൊതുജനങ്ങളില്‍നിന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് സേവനദാതാക്കള്‍ സ്വയം സര്‍ട്ടിഫൈ ചെയ്ത് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് മോണിറ്ററിങ് സെല്ലുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ റേഡിയേഷന്റെ അളവ് കുറയ്ക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍(എസ്.എ.ആര്‍.) കുറയ്ക്കാന്‍ ഉത്പാദകര്‍ ശ്രദ്ധിക്കണം. നിലവില്‍ അനുവദനീയമായ, കിലോഗ്രാമിന് 2 വാട്‌സ് എന്ന എസ്.എ.ആര്‍. നിരക്ക് 1.6 വാട്ടായി കുറയ്ക്കണം. ഇതില്‍ താഴെ എസ്.എ.ആര്‍. ഉള്ള ഫോണുകള്‍ ഇറക്കുമതി ചെയ്യാനോ ഉത്പാദിപ്പിക്കാനോ പാടില്ല. പഴയ സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ ഒരു വര്‍ഷം വരെ സമയവും നല്‍കിയിട്ടുണ്ട്.

പുതിയ ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ ഐ.എം.ഇ.ഐ. നമ്പര്‍ പോലെ എസ്.എ.ആര്‍. എത്രയെന്ന് രേഖപ്പെടുത്തണം. പുതിയ ഫോണുകള്‍ ഹാന്‍ഡ്ഫ്രീ (സ്പീക്കര്‍) സംവിധാനമുണ്ടാകണം.

സംഭാഷണം കുറച്ച് എസ്.എം.എസ്. സന്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, സംസാരിക്കാന്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുക, കഴിയുന്നതും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുക, ഫോണ്‍ നെഞ്ചിന് സമീപത്തോ പോക്കറ്റിലോ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Advertisement