എഡിറ്റര്‍
എഡിറ്റര്‍
ഇനി ഗള്‍ഫില്‍ നിന്നും ആറ് ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ട് വന്നാല്‍ പിടിവീഴും
എഡിറ്റര്‍
Monday 19th November 2012 12:13pm

ഇനി വിദേശത്ത് നിന്നും നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം ധരിക്കുന്നവരോ കയ്യില്‍ കരുതുന്നവരോ സൂക്ഷിക്കുക. പുരുഷന്‍മാര്‍ മൂന്ന് ഗ്രാമില്‍ കൂടുതലും സ്ത്രീകള്‍ ആറ് ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം കൈയ്യില്‍ കരുതിയാല്‍ പിഴ അടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

Ads By Google

ചെറിയ പിഴയാണെന്ന് തെറ്റിദ്ധരിക്കണ്ട. അധിക സ്വര്‍ണത്തിന്റെ വിലയ്ക്ക് അനുപാതമായി വന്‍ തുകയാവും ആദായനികുതി വകുപ്പ് നിങ്ങളില്‍ നിന്നും ഈടാക്കുക.

വിദേശത്തുള്ള ഇന്ത്യാക്കാര്‍ക്ക് കൊണ്ടു വരാവുന്ന സ്വര്‍ണം സംബന്ധിച്ച് 1967-ലെ ഇന്ത്യന്‍ നിയമം ഒരു മാറ്റവുമില്ലാതെ ഇപ്പോള്‍ വീണ്ടും നടപ്പാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

1967-ലെ നിയമ പ്രകാരം പുരുഷന് 10,000 രൂപയുടെയും സ്ത്രീക്ക് 20, 000 രുപയുടെയും സ്വര്‍ണം കൊണ്ടുവരാമായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ മാത്രമേ വിലയുള്ളു. ഇപ്പോള്‍ അത് 3000 രൂപയായി.

അന്ന് പുരുഷന് 250 ഗ്രാമും സ്ത്രീക്ക് 500 ഗ്രാമും കൊണ്ടുവരാമായിരുന്നു. പഴയ നിയമം അതേപടി വീണ്ടും വന്നപ്പോള്‍ 250 ഗ്രാം വെറും മൂന്ന് ഗ്രാം ആയി, 500 ഗ്രാം വെറും ആറു ഗ്രാമും.

അതുകൊണ്ട് തന്നെ ശരാശി ഒരു മലയാളി ധരിക്കുന്നത് പോലെ ഇനി കഴുത്തില്‍ താലിയും കാതില്‍ കമ്മലും കയ്യില്‍ വളയും വിരലില്‍ മോതിരവും ധരിച്ച് വിമാനമിറങ്ങിയാല്‍ പിടിവീഴുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

അതേസമയം 45 വര്‍ഷം മുന്‍പ് വന്ന ഒരു നിയമം കാലാനുസൃതമായ ഒരു മാറ്റവും വരുത്താതെ വീണ്ടും കൊണ്ടുവന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്. വിഷയത്തില്‍ സര്‍ക്കാരിനെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദേശമലയാളികള്‍.

വിവാഹ ആവശ്യത്തിനായും മറ്റും വന്‍തോതില്‍ ഗള്‍ഫില്‍ നിന്നും സ്വര്‍ണം വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തിക്കുന്നെന്ന് ആരോപണം ഉണ്ടായിരുന്നു. ഇത് നിയന്ത്രിക്കാനായാണ് ധനകാര്യവകുപ്പ് ഇത്തരമൊരു നിയമം നടപ്പാക്കാന്‍ തയ്യാറായതെന്നാണ് അറിയുന്നത്.

Advertisement