തിരുവനന്തപുരം: ഭൂവിനിയോഗ ബില്ലിനെ കുറിച്ച് ധനമന്ത്രി കെ.എം മാണിയുടെ പ്രസ്താവന സ്വന്തം നിലവാരത്തിന് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കട്ടേയെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്.

കുരുടന്‍ ആനയെ കണ്ടതുപോലെയാണ് ബില്ലിനെ റവന്യൂമന്ത്രി കണ്ടതെന്നായിരുന്നു കെ.എം.മാണിയുടെ പ്രതികരണം.

ദിവസം തോറും ഈ വിഷയത്തില്‍ അഭിപ്രായം മാറ്റിപ്പറയാന്‍ കഴിയില്ലെന്നും ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭയിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.[innerad]

നിയമവകുപ്പ് സമര്‍പ്പിച്ച ഭൂവിനിയോഗബില്ലിന്റെ പുതിയ ഭേദഗതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായപമ റവന്യൂമന്ത്രി പറഞ്ഞു.

ഭൂമി സംബന്ധമായ നിയമത്തിന്റെ കരട് ഉണ്ടാക്കേണ്ടത് റവന്യൂ വകുപ്പാണ്. നിയമവകുപ്പ് റവന്യൂവകുപ്പുമായി കൂടിയാലോചിക്കാതെയാണ് പുതിയ ഭൂവിനിയോഗ ബില്‍ സമര്‍പ്പിച്ചതെന്ന് അടൂര്‍ പ്രകാശ് തുറന്ന് പറഞ്ഞിരുന്നു.

ഭൂവിനിയോഗ ബില്ലിനെക്കുറിച്ചുള്ള അടൂര്‍ പ്രകാശിന്റെ വിലയിരുത്തല്‍ കുരുടന്‍ ആനയെ കണ്ടതു പോലെയാണെന്നും നിയമവകുപ്പ് ഞങ്ങളുടെ അധികാരത്തില്‍ കയ്യിട്ടിരിക്കുകയാണെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും മാണി ഇതിന് മറുപടി പറഞ്ഞു.

ഭൂവിനിയോഗ ബില്‍ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും പ്രകൃതിക്ക് ദോഷകരമാണെന്നും കാണിച്ച് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി.വത്സലകുമാരി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് അടൂര്‍ പ്രകാശ് പരസ്യമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഭൂവിനിയോഗ ബില്ലില്‍ നിയമവകുപ്പിന്റെ ഇടപെടലുകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലും യു.ഡി.എഫിലും ഇക്കാര്യം ഉന്നയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വി.എം.സുധീരന്‍, വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പരസ്യമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. വയലുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട ഒരു നിയമത്തിനും അംഗീകാരം കൊടുക്കുന്നത് അപകടപരമാണെന്ന് പൊതുപരിപാടിയില്‍ സുധീരന്‍ പ്രസംഗിച്ചിരുന്നു.