കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ ‘പുതിയ കേരളം വികസന ഫോറ’ ത്തിന് കൊച്ചിയില്‍ തുടക്കമായി. ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ വിദേശകാര്യ എഡിറ്ററും ബയോടെക്‌നോളജീസ് ആന്റ് ഫുഡ് സെക്യൂരിറ്റീസ് ഫോറം ചെയര്‍മാനുമായ ദേവീന്ദര്‍ ശര്‍മയാണ് ഫോറം ഉദ്ഘാടനം ചെയ്തത്.

ജി.ഡി.പിയെക്കുറിച്ച് വാചകമടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 99 ശതമാനം ജനങ്ങള്‍ക്കും ഇതെന്തെന്ന് അറിയില്ല. രാജ്യത്തെ 84 കോടി ജനങ്ങളും പ്രതിദിനം 20 രൂപ വരുമാനം പോലുമില്ലാതെയാണ് ജീവിക്കുന്നത്. രാജ്യത്തെ മൊത്തം ധനവും ചില കുടുംബങ്ങള്‍ കൈയ്യടക്കുകയാണെന്ന്് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ആവശ്യകതയാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതെന്നും ഒരു തൊഴിലവസരവും സൃഷ്ടിക്കാത്ത വികസനമാണ് ഇപ്പോള്‍ സ്വകാര്യ-പൊതു മേഖലകളില്‍ നടക്കുന്നതെന്നും സാമ്പത്തിക കാര്യ വിദഗ്ധനായ അബ്ദുസ്വാലിഹ് ശരീഫ് പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ടി. മുഹമ്മദ് വേളം നന്ദിയും പറഞ്ഞു.