ആസ്റ്റര്‍ഡാം: കംപ്യൂട്ടറിനു മുന്നില്‍ നിന്നും ഒരു നിമിഷം മാറി നില്‍ക്കാന്‍ പോലും വിഷമിക്കുന്ന ടെക്കികള്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത. ഡെസ്‌ക്‌ടോപ്പിനടുത്ത് നിന്നോ ലാപ്‌ടോപ്പിനടുത്ത് നിന്നോ മാറി നിന്നാലും സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന കണ്ടുപിടുത്തത്തെക്കുറിച്ചാണ് വാര്‍ത്ത. ഒരു ജീന്‍സ് പാന്റാണ് കംപ്യൂട്ടര്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹായിക്കുന്നത്!

വെറുമൊരു ജീന്‍സല്ല, കീ ബോര്‍ഡും മൗസും സ്പീക്കറുമെല്ലാം ഈ ജീന്‍സില്‍ ഘടിപ്പിച്ചിരിക്കുകയാണ്. ബ്യൂട്ടി ആന്‍ഡ് ഗീക്ക് എന്നാണ് ജീന്‍സിന്റെ പേര്. സിസ്റ്റം വെച്ചിരിക്കുന്ന ഡെസ്‌കില്‍ തന്നെ ഇരിക്കേണ്ടതില്ല എന്നാണ് ഈ ജീന്‍സ് കൊണ്ടുള്ള ഏറ്റവും വലിയ സൗകര്യം.

സാധാരണ ജീന്‍സ് പോലെയുള്ളത് തന്നെയാണ് ഈ ജീന്‍സും. ക്ലോത്തില്‍ വരച്ച തരത്തില്‍ ടച്ച് കീബോര്‍ഡാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജീന്‍സില്‍ കാല്‍മുട്ട് എത്തിനില്‍ക്കുന്ന ഭാഗത്താണ് രണ്ട് ചെറിയ സ്പീക്കറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. മൗസ് സൂക്ഷിക്കുന്നതിനായി ജീന്‍സിന്റെ പിറകില്‍ പ്രത്യേകം തയ്യാറാക്കിയ പോക്കറ്റുണ്ട്.

ഒരു സംഘം ഡച്ച് ഗവേഷകരുടെ ബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലാപ്‌ടോപ്പില്‍ യു.എസ്.ബി ഡിവൈസിന് ഉപയോഗിച്ചിരിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യയെ വികസിപ്പിച്ചെടുത്താണ് നിസും സ്മിത്തും ജീന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കണ്ടുപിടുത്തത്തിലൂടെ ലാപ്‌ടോപിന്റെ നിര്‍വ്വചനം മാറിമറയുമെന്ന് ഈ ഇവര്‍ പ്രതീക്ഷിക്കുന്നു. സാധാരണ ജീന്‍സിനെക്കാള്‍ വളരെ കുറിച്ച് മാത്രം ഭാരമെ ഈ ജീന്‍സിനുണ്ടാവുകയുള്ളൂ എന്നാണ് ഇത് പുറത്തിറക്കുന്ന ന്യൂവ്‌ഹെറെന്‍ കമ്പനി അവകാശപ്പെടുന്നത്. ഏകദേശം ഇരുന്നൂറ്റമ്പത് യൂറോയോളമായിരിക്കും ബ്യുട്ടീ ആന്‍ഡ് ഗീക്കിന്റെ വില എന്ന് കരുതപ്പെടുന്നു.

Malayalam News

Kerala News In English