തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ഫോണ്‍വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ചുമതലയില്‍ നിന്ന് പിന്മാറി. ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ പി.എ വര്‍ഗീസാണ് അന്വേഷണ ചുമതലയില്‍ നിന്ന് പിന്മാറിയത്.

അന്വേഷണ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് വര്‍ഗീസ് രേഖാപമൂലം അറിയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറുന്നു. താന്‍ തുടര്‍ന്നാല്‍ അത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വര്‍ഗീസ് ജയില്‍ എ.ഡി.ജി.പിക്ക് കത്ത് നല്‍കി.

വര്‍ഗീസ് പിന്മാറിയതിനെ തുടര്‍ന്ന് ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ കുമാരനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പി.എ വര്‍ഗീസ് ജയില്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടത് പിള്ളയുടെ ശുപാര്‍ശപ്രകാരമാണെന്നു വി.എസ് ആരോപിച്ചിരുന്നു.