പി വി സുരാജ്

അഴിമതിയുടേയും താന്തോന്നിത്തരത്തിന്റേയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറിയ ഇന്ത്യന്‍ കായികരംഗത്തിന് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ വിവിധ കായികസംഘടനകള്‍ക്ക് മൂക്കുകയറിടാനും കല്‍മാഡിമാരേയും ഭാനോട്ടുമാരേയും ക്ലീന്‍ ബൗള്‍ഡാക്കാനുമായി പുതിയ നിയമം പണിപ്പുരയില്‍ തയ്യാറാവുകയാണ്. കേന്ദ്രകായിക മന്ത്രി അജയ് മാക്കന്റെ നേതൃത്വത്തിലാണ് ദേശീയ കായിക വികസന നിയമം രൂപീകരിക്കുന്നത്.

പുതിയ ബില്ലിന്റെ കരടുരൂപം പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. മുതിര്‍ന്ന കായികതാരങ്ങളുടേയും സംഘടനാ മേധാവികളുടേയും രാഷ്ട്രീയനേതാക്കളുടേയും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് ബില്‍ നിയമമാക്കാനാണ് പദ്ധതി. രാജ്യത്തെ കായികസംഘടനകളുടെ പ്രവര്‍ത്തനം അടമുടി മാറ്റാനും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ള ബില്ലില്‍ നിരവധി നിര്‍ദ്ദേശങ്ങളുണ്ട്.

മരുന്നടി, കൈക്കൂലി, പ്രായതട്ടിപ്പ്, സംഘടനകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, തുടങ്ങി ലൈംഗികാതിക്രമം വരെ തടയാനുള്ള നിര്‍ദേശ്ങ്ങള്‍ വരെ ബില്ലിലുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ കായികസംഘടനകളെ പാകപ്പെടുത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഓരോ കായികഇനങ്ങള്‍ക്കും ഓരോരോ സംഘടനകളുണ്ട്. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്,ജിംനാസ്റ്റിക്‌സ്, തുഴച്ചില്‍,ഷൂട്ടിംഗ്, ടെന്നിസ്, വോളിബോള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് തുടങ്ങി എല്ലാ മല്‍സരഇനങ്ങള്‍ക്കും അതിന്റേതായ സംഘടനകളുണ്ട്. ഇത്തരം സംഘടനകളെ തറവാട്ടു സ്വത്താക്കി മാറ്റുന്നവരെ സ്ഥാനഭ്രഷ്ടരാക്കാനും അഴിമതി രഹിത ഭരണം കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍.

കായികവികസനത്തിന് ദേശീയകൗണ്‍സില്‍
ദേശീയ കായികവികസന കൗണ്‍സില്‍ രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രഗത്ഭനായ കായികതാരത്തിന്റെ കീഴിലായിരിക്കും കൗണ്‍സില്‍ പ്രവര്‍ത്തിക്കുക. സംഘടനകളുടെ തലപ്പത്ത് മാറ്റം വരുത്താനും ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യമാക്കാനും ദേശീയ കൗണ്‍സില്‍ സഹായിക്കും.

കായികസംഘടനകളുടെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ 70 വയസ് കഴിഞ്ഞവരാണെങ്കില്‍ ഉടനേ സ്ഥാനമൊഴിയേണ്ടി വരുന്ന അവസ്ഥയാണ് ബില്‍ നിയമമാകുന്നതോടെ ഉണ്ടാവുക. ഇത്തരം സംഘടനകളിലേക്ക് സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന അവസ്ഥയ്ക്കും നിയന്ത്രണം വരും.

കായികതാരങ്ങള്‍ക്ക് സംഘടനകളില്‍ 20 ശതമാനം പ്രാതിനിധ്യം നല്‍കണമെന്ന് ബില്‍ നിഷ്‌കര്‍ഷിക്കുന്നു. തുടര്‍ച്ചയായി 12 വര്‍ഷം വിവിധ കായികസംഘടനകളുടെ തലപ്പത്തിരിക്കാന്‍ കഴിയില്ല എന്നത് ബില്ലിലെ സുപ്രധാന വ്യവസ്ഥയാണ്.

കായികമന്ത്രിയായ ശേഷം നേരിട്ട് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇനി ഇത് നടക്കില്ല. കായികമന്ത്രാലയത്തില്‍ നിന്നും വിരമിച്ച് അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമായിരിക്കും ഒളിമ്പിക്‌സ് അസോസിയേഷന്റെ പടികടക്കാന്‍ അനുവദിക്കുകയുള്ളൂ.

ഇവര്‍ സംഘടനകളെ തറവാട്ടുസ്വത്താക്കിയവര്‍

ബഹുമാന്യരായ നമ്മുടെ നേതാക്കളുടെ കാലാവധികൂടി കേട്ടാല്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും.
1.  ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി നേതാവുമായ വിനോദ് കുമാര്‍ മല്‍ഹോത്ര തുടര്‍ച്ചയായ 31 ാം വര്‍ഷമാണ് ഈ പദവിയിലിരിക്കുന്നത്.

2. എയ്‌റോ ക്ലബ് പ്രസിഡന്റ് ക്യാപ്റ്റന്‍ സതീഷ് ശര്‍മക്കാണ് രണ്ടാം സ്ഥാനം. ഇദ്ദേഹം 24 വര്‍ഷമായി സ്ഥാനത്ത് തുടരുകയാണ്.

3.  23 വര്‍ഷമായി രണ്‍ധീര്‍ സിംഗ് ആണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്.

4.  15 വര്‍ഷം ഇതേ സംഘടനയുടെ തന്നെ പ്രസിഡന്റ് എന്ന നേട്ടവുമായി സുരേഷ് കല്‍മാഡി തൊട്ടുപിന്നല്‍ തന്നെയുണ്ട്.

5.  ദേശീയ സൈക്ലിംഗ് ഫെഡറേഷന്റെ പ്രസിഡന്റായ സുഖ്‌ദേവ് സിംഗ് ദിന്‍സ ഈ പദവിയില്‍തുടരാന്‍ തുടങ്ങിട്ട് 14 വര്‍ഷമായി.

6.  ജഗദീഷ് ടൈറ്റ്‌ലര്‍ ഇന്ത്യന്‍ തായ്‌ക്കോണ്ടോ അസോസിയേഷന്റെ അമരത്തെത്തിയിട്ട് വര്‍ഷം 16 കഴിഞ്ഞിരിക്കുന്നു.

7.  ജെ.എസ് ഗെയ്‌ലോട്ട്. ദേശീയ കബഡി അസോസിയേഷന്‍ പ്രസിഡന്റായി വിരാജിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 15

8.  ബി.എസ് ആദിത്യന്‍. ദേശീയ വോളിബോള്‍ അസോസിയേഷന്‍ അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം.

9. വി.കെ വര്‍മ്മ. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍. ബാഡ്മിന്റണ്‍ അസോസിയേഷനെ ഉദ്ധരിക്കാനായി തുടര്‍ച്ചയായ12ാം വര്‍ഷവും സജീവം.

10. അഭയ് സിംഗ് ചൗട്ടാല. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ അധ്യക്ഷനാണ്. തുടര്‍ച്ചയായ എട്ടുവര്‍ഷം തലപ്പത്തിരുന്നിട്ടും വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.

11.  അജയ് സിംഗ് ചൗട്ടാല.ടേബിള്‍ടെന്നിസ് അസോസിയേഷന്റെ തലവനായി ഭരണയന്ത്രം കറക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം എട്ടുകഴിഞ്ഞു. ഇങ്ങിനെ പോകുന്നു കഥകള്‍. ഇതിനെതിരേ ആര് ചോദിക്കാന്‍, ആര് പറയാന്‍!!!

മുകളില്‍ സൂചിപ്പിച്ചവരുടെയെല്ലാം കളി ബില്‍ നിയമമാകുന്നതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെല്ലാം ഒഴിഞ്ഞുപോയാല്‍ സൗകര്യമായിരുന്നുവെന്ന് കായികമന്ത്രി അജയ് മാക്കന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തില്‍ സ്‌പോര്‍ട്‌സ് ഓംബുഡ്‌സ്്മാന്‍ വേണമെന്ന നിര്‍ദേശവും ബില്ലിലുണ്ട്. സംഘടനകളിലേക്കുള്ള തിരഞ്ഞെടുപ്പും പ്രവര്‍ത്തനങ്ങളും സുതാര്യമാണോ എന്ന കാര്യങ്ങള്‍ ഓംബുഡ്‌സ്മാന്‍ പരിശോധിക്കും.

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനായി കഴിവുള്ള ഒരുപിടി താരങ്ങളെ അയക്കണമെന്ന ദൃഡനിശ്ചയത്തിലാണ് അജയ് മാക്കനും സംഘവും. ഇതിനുള്ള ആദ്യപടിയായിട്ടാണ് കായികവികസന ബില്ലിനെ അവര്‍ കാണുന്നത്.