തിരുവനന്തപുരം: സ്വാശ്രയപ്രവേശനം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ.ഫസല്‍ ഗഫൂര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാശ്രയ മെഡിക്കല്‍ സീറ്റുകളില്‍ പകുതി സീറ്റ് സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്ന് ഡോ.ഫസല്‍ ഗഫൂര്‍ അറിയിച്ചു.സര്‍ക്കാരുമായി ഉണ്ടാക്കുന്ന അന്തിമധാരണയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ മെറിറ്റ്-കം-മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം. ഇതില്‍ 30 ശതമാനം ജനറല്‍ ക്വാട്ടയിലും 20 ശതമാനം ഒ.ബി.സി വിഭാഗത്തിനും 10 ശതമാനം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും നല്‍കണം. കോളേജ് നടത്തുന്ന സമുദായത്തിന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ 40 ശതമാനം പ്രവേശനത്തിന് സൗകര്യമൊരുക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നല്‍കുമെന്നും ഡോ:ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.