എഡിറ്റര്‍
എഡിറ്റര്‍
ന്യൂ ജനറേഷന്‍ ഫിഗോ
എഡിറ്റര്‍
Saturday 16th November 2013 1:50pm

ford-figo

ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച വില്‍പ്പനയുമായി മൂന്നു വര്‍ഷം തികച്ച ഫോഡ് ഫിഗോയുടെ പുതിയ തലമുറ വരുന്നു.

കാ കണ്‍സപ്റ്റിന്റെ രൂപത്തില്‍ ബ്രസീലിലാണ് പുതിയ ഫിഗോ മുഖം കാണിച്ചത്. 2014 പാതിയോടെ ബ്രസീല്‍ വിപണിയിലെത്തുന്ന കാ 2015 തുടക്കത്തില്‍ ഇന്ത്യയിലുമെത്താനാണ് സാധ്യത.

മറ്റു രാജ്യങ്ങളില്‍ കാ എന്ന പേരില്‍ വിപണിയിലെത്തുന്ന ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഫിഗോ തന്നെയായിരിക്കും. ഗ്ലോബല്‍ ഫിയസ്റ്റയ്ക്കും ഇക്കോസ്‌പോര്‍ട്ടിനും ഉപയോഗിക്കുന്ന ബി 2 ഇ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫിഗോ ഒരുങ്ങുന്നത്.

ന്യായമായ വിലയ്ക്ക് മെച്ചപ്പെട്ട ഫീച്ചറുകളും മൈലേജുമുള്ള ഹാച്ച്ബാക്ക് എന്ന നിലയ്ക്ക് വില്‍പ്പന വിജയം നേടിയ ഫിഗോയ്ക്ക് അത്ര രൂപഭംഗി ഉണ്ടായിരുന്നില്ല. ആ കുറവ് കൂടി പരിഹരിച്ചാണ് പുതിയ തലമുറ എത്തുന്നതെന്ന് കണ്‍സപ്റ്റ് മോഡല്‍ വ്യക്തമാക്കുന്നു.

ആഗോളവിപണിയിലെത്തിയ പുതിയ ഫിയസ്റ്റടേതുമായി സാമ്യമുള്ളതാണ് 2015 മോഡല്‍ ഫിഗോയുടെ മുന്‍ഭാഗം. ആസ്റ്റന്‍ മാര്‍ട്ടിന്‍ കാറുകളെ ഓര്‍മിപ്പിക്കുന്ന ഗ്രില്ലാണിതിന്. പ്രസന്നതയും ഒപ്പം ഗൗരവവും കലര്‍ന്ന മുഖഭാവമുള്ള കാറിന്റെ ഹെഡ്‌ലാംപുകളും പുതിയതാണ്.

എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ എല്‍ഇഡി ലൈറ്റുകളായിരിക്കില്ല പ്രൊഡക്ഷന്‍ മോഡലിന്. മുന്നിലെ ബമ്പര്‍ പുതിയ ഫിയസ്റ്റയുടേതുമായി സാമ്യമുള്ളതാണ്.

ടെയ്ല്‍ ലാംപുകള്‍ സി പില്ലറില്‍ നിന്നും താഴേക്ക് മാറ്റിയിരിക്കുന്നു. ഫോഡിന്റെ ഇന്ററാക്ടീവ് സംവിധാനമായ സിങ്ക് ടെക്‌നോളജിയും ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അഞ്ച് പേര്‍ക്ക് സുഖമായി ഇരിക്കാവുന്ന ഇന്റീരിയറും മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും ആകര്‍ഷകമാണ്.

ഇന്ധനക്ഷമത കൂടിയ ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ !,1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍ !. എന്നാല്‍ എന്‍ജിനുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദവിവരങ്ങള്‍ വരും മാസങ്ങളിലേ ലഭ്യമാകൂ.

2010 ല്‍ ആരംഭിച്ച ഫിഗോയുടെ വിജയഗാഥ വരുംകാലങ്ങളിലും തുടരാന്‍ പുതിയ മോഡല്‍ തുണയാകുമെന്ന് ഉറപ്പിക്കാം. വിപണിയിലെത്തിയ വര്‍ഷം തന്നെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ഫിഗോ.

ഒരു വര്‍ഷം മുമ്പാണ് ഫിഗോയുടെ ഫേസ്!ലിഫ്റ്റ് മോഡല്‍ പുറത്തിറങ്ങിയത്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെ ഫിഗോ നിരത്തിലിറങ്ങിയിട്ടുണ്ട്.

സുസൂക്കി സ്വിഫ്ട് , ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 , ഫോക്‌സ്!വാഗന്‍ പോളോ തുടങ്ങിയ മോഡലുകള്‍ക്കെല്ലാം കടുത്ത വെല്ലുവിളിയാകും ന്യൂ ജനറേഷന്‍ ഫിഗോ എന്ന കാര്യത്തില്‍ സംശയമില്ല.

ഗുജറാത്തിലെ സനന്ദില്‍ ഫോഡ് ആരംഭിക്കുന്ന പുതിയ പ്ലാന്റിലായിരിക്കും പുതിയ ഫിഗോ ഉത്പാദിപ്പിക്കുക.

നിലവില്‍ ചെന്നൈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഫിഗോയാണ് ഇന്ത്യയിലും 37 വിദേശരാജ്യങ്ങളിലും വില്‍പ്പന നടത്തുന്നത്. ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്!പോയില്‍ 2015 മോഡല്‍ ഫിഗോ എത്തുമെന്നാണ് പ്രതീക്ഷ.

Autobeatz

Advertisement