തിരുവന്തപുരം: സ്ത്രീ പ്രാതിനിധ്യം മുന്‍നിര്‍ത്തി അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് ശ്രദ്ധേയമാകും. വനിതക്ഷേമത്തിനും  സ്ത്രീ  ശാക്തീകരണത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന പദ്ധതികളായിരിക്കും ധനമന്ത്രി കെ.എം മാണിയുടെ പെട്ടിയിലുണ്ടാവുക
എന്നാണ് സൂചന. ക്ഷേമ പദ്ധതികള്‍ക്ക് പുറമേ ബോധവല്‍ക്കരണത്തിനും ബജറ്റില്‍  ഫണ്ട്‌
വകയിരുത്തും.

ദേശീയ തലത്തില്‍ സ്ത്രീ അനുഭാവ അന്തരീക്ഷത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് മാണി കഴിഞ്ഞ ദിവസം സുചന നല്‍കിയിരുന്നു.
സ്ത്രീകള്‍ക്കെതിരെ  വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ തടയാനും കര്‍ശന നടപടിയെടുക്കാനും  ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും.

കെ.എം മാണിയുടെ 15ാമത്തെ ബജറ്റാണ് അടുത്തമാസം 15 ന് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാകും. ഈ മാസം 28 നാണ്  ധനമന്ത്രി പി. ചിദംബരം കേന്ദ്രബജറ്റ്
അവതരിപ്പിക്കുക. ഇതിന് ശേഷമായിരിക്കും കേരള ബജറ്റിലെ അന്തിമ സുപ്രധാന പദ്ധതികള്‍ക്ക് മാണി രൂപം നല്‍കുക. ഈ മാസം അവസാനത്തോടെയാണ് മാണി ബജറ്റ് പ്രസംഗം എഴുതാന്‍ രഹസ്യ കേന്ദ്രത്തിലേക്ക് പോകുന്നത്.