Categories

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ‘ഡ്രസ് കോഡ്’ വിവാദം

ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുതിയ ‘ ഡ്രസ് കോഡ് ‘ വിവാദം പുകയുന്നു. വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ അന്താരാഷ്ട്രമല്‍സരങ്ങള്‍ കളിക്കുമ്പോള്‍ സ്‌കേര്‍ട്ട് ധരിക്കണമെന്നാണ് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മേയ് മാസം മുതല്‍ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഇതുവരെ പല പ്രമുഖ വനിതാ താരങ്ങളും ഷോര്‍ട്ട്‌സ് ധരിച്ചായിരുന്നു കളിക്കാനിറങ്ങിയിരുന്നത്. ബാഡ്മിന്റണെ കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌കേര്‍ട്ട് കൊണ്ടുവരുന്നത്.

അതിനിടെ ഫെഡറേഷന്റെ നീക്കം വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നീക്കം താരങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് വാദമുയര്‍ന്നിട്ടുള്ളത്. കൂടാതെ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ കളിക്കാനിറങ്ങുമ്പോള്‍ സ്‌കേര്‍ട്ട് നിര്‍ബന്ധമാക്കുന്നത് ശരിയല്ലെന്നും ആരോപണമുണ്ട്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാള്‍, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ എന്നിവര്‍ നിര്‍ദ്ദേശത്തോട് കരുതലോടെയാണ് പ്രതികരിച്ചത്. ബാഡ്മിന്റണ്‍ ഫെഡറേഷന്റെ നിര്‍ദ്ദേശത്തില്‍ വലിയ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന കാര്യം തീരുമാനിക്കേണ്ടത് താരങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.