Categories

അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ കോപ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി

cheetah helicopter, the symbol of brave Indian army

ന്യൂദല്‍ഹി: പാക് വ്യേമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം നിര്‍ബന്ധിച്ച് നിലത്തിറക്കിയ ഇന്ത്യന്‍ ഹെലികോപ്റ്ററില്‍ നിന്ന്  സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തി. കാര്‍ഗില്‍, ലഡാക്, സിയാച്ചിന്‍ മേഖലകളിലെ ഹെലിപാഡുകളുടെ കോഡുകള്‍, ജി.പി.എസ് സംവിധാനങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് പാകിസ്ഥാന്‍ സൈനികോദ്യോഗസ്ഥര്‍ ചോര്‍ത്തിയെടുത്തത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇന്ത്യന്‍ കോപ്റ്ററായ ചീറ്റക്ക് അതിര്‍ത്തി ലംഘിക്കേണ്ടി വന്നത്.

സംഭവത്തെപ്പറ്റി കരസേന ഉന്നതതല അന്വേഷണം ആരംഭിച്ചു. അതേസമയം കോപ്റ്ററില്‍ രഹസ്യ വിവരങ്ങളുണ്ടായിരുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി പല്ലം രാജു വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചയാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ പാകിസ്ഥാനിലെ മരോളില്‍ നിര്‍ബന്ധിത ലാന്‍ഡിങ്ങിന് വിധേയമായത്. അറ്റകുറ്റപ്പണിക്കുവേണ്ടി ലേയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍.

ഹെലികോപ്റ്ററും അതിലുണ്ടായിരുന്ന നാല് സൈനികരേയും കസ്റ്റഡിയിലെടുത്ത പാക് സൈന്യം അഞ്ച് മണിക്കൂറിന് ശേഷം വിട്ടയിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഈ നടപടിയെ ഇന്ത്യ പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തിരിച്ചെത്തിയ ഹെലികോപ്റ്റര്‍ പരിശോധിച്ചപ്പോഴാണ് ലഡാക്, കാര്‍ഗില്‍, സിയാച്ചിന്‍, അക്‌സായ്, ചിന്‍ എന്നീ തന്ത്രപ്രധാന മേഖലകളെ സംബന്ധിച്ച ജി.പി.എസ് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ന്ന വിവരം സൈനീക വൃത്തങ്ങള്‍ക്ക ബോധ്യമായത്. കരസേനയുടെ പതിനാലാം കോപ്‌സിനു കീഴിലുള്ള എല്ലാ ഹെലിപാഡുകളുടേയും വിവരങ്ങളും ചോര്‍ത്തിയതില്‍പ്പെടുന്നു. പാകിസ്ഥാനി സൈനീകോദ്യോഗസ്ഥര്‍ ഹെലികോപ്റ്ററിലെ ജി.പി.എസ് സംവിധാനത്തിലെ വിവരങ്ങള്‍ പകര്‍ത്തിയതായി തിരിച്ചെത്തിയ ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചു.

ഹെലികോപ്റ്ററിലുണ്ടായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യന്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ  മരോളില്‍ പാകിസ്ഥാന്‍ ഹെലിപാഡ് നിര്‍മിച്ച വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഈ സംഭവത്തോടെ വ്യക്തമായി. ജി.പി.എസ് സംവിധാനമുള്ള ഹെലികോപ്റ്ററിന് ദിശതെറ്റിയത് എങ്ങെനെയെന്ന കാര്യവും ഉന്നതതല അന്വേഷണ സംഘം പരിശോധിക്കും.

One Response to “അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ കോപ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി”

  1. ശുംഭന്‍

    മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇന്ത്യന്‍ കോപ്റ്ററായ ചീറ്റക്ക് അതിര്‍ത്തി ലംഘിക്കേണ്ടി വന്നത് എന്ന് പറയുന്നത് തിച്ചും അവിശ്വസനീയമാണ്. അവന്മാര്‍ വെള്ളമടിച്ചു ഫിറ്റായി നേരെ അങ്ങോട്ട്‌ വിട്ടതാകാനാണ് സാധ്യത.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.