ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വിട. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനായി കാത്തിരിക്കുകയാണ് ദല്‍ഹിയിലെ ഓരോ പുല്‍ത്തരിയും. കോടികള്‍ ചിലവഴിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും വൈവിധ്യം പ്രകടമാക്കുന്ന ഉദ്ഘാടനച്ചടങ്ങുകളിലെ അത്ഭുതങ്ങള്‍ പ്രകടമാകാന്‍ ഒരുദിനം മാത്രം ഇരുണ്ടുവെളുത്താല്‍ മതി.

പ്രസിഡന്റ് പ്രതിഭാദേവീ സിംഗ് പാട്ടിലും ബ്രിട്ടിഷ് രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനും ഗെയിംസിന് തിരികൊളുത്തും. ഇന്ത്യയുടെ കലാ,കായിക,സാംസ്‌കാരിക, സാമൂഹ്യ പാരമ്പര്യം വെളിവാക്കുന്ന നിരവധി അത്ഭുതങ്ങളാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണികളെ കാത്തിരിക്കുന്നത്.

ഷിബാനി കശ്യപിന്റെ സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ഗെയിംസിന്റേ ഭാഗ്യചിഹ്നമായ ഷേരയെ അഭിനന്ദിച്ചുള്ള ഗാനവും തുടര്‍ന്നുണ്ടാകും. പതിനഞ്ചുമിനുറ്റ് നീളുന്നതാണ് പരിപാടി. തുടര്‍ന്ന് മദ്രാസ് മൊസാര്‍ട്ട് എ ആര്‍ റഹ്മാന്റെ മെഗാ ഒ യാരോ യെ ഇന്തിയാ ബുലാ ലിയാ…..ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സോണാല്‍ മാന്‍സിംഗ്, രാജാ റെഢി തുടങ്ങിയ പ്രശസ്തര്‍ റഹ്മാനൊപ്പം പാടാനും ആടാനുമുണ്ടാകും.

തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും സാംസ്‌കാരിക, പൈതൃക പാരമ്പര്യത്തെയും വെളിവാക്കുന്ന ആഘോഷപ്രകടനം നടക്കും. മധു ജൈനും മിലിന്ദ് സോമനുമാണ് പ്രകടനങ്ങളെ നിയന്ത്രിക്കുക. ഉദ്ഘാടനച്ചടങ്ങിനുവേണ്ടി എന്തെല്ലാം അദ്ഭുതങ്ങളാണ് ഇന്ത്യ കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്നു തന്നെ കാണാം. so, let’s wait and watch..the grand extravaganza…..