തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജാണ് സര്‍ക്കാരിന് വേണ്ടി പ്രഖ്യാപനം നടത്തിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വെള്ളം, കേരളത്തിന് വെള്ളം എന്നതാണ് സര്‍ക്കാര്‍ നയമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ആളുകളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയായെന്നും കൊച്ചി മെട്രോ പദ്ധതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അതിവേഗ റെയില്‍പാത സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കുന്നതിനെ കുറിച്ചും ബജറ്റില്‍ പ്രതിപാദിച്ചു.

മാലിന്യ നിര്‍മാര്‍ജനത്തിന് ശുചിത്വവര്‍ഷം പദ്ധതി നടപ്പാക്കും. വീടുകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മാലിന്യ സംസ്‌കരണത്തിന് വികേന്ദ്രീകൃത സംവിധാനം ഉള്‍പ്പെടെ ത്രിമുഖ പദ്ധതി ആവിഷ്‌കരിക്കും. കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഫോറസ്റ്റ് ഡിവിഷന്‍ രൂപീകരിക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ടിന്റെ റണ്‍വേ ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കും. കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കും.

കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പാല്‍ പരിശോധനാകേന്ദ്രങ്ങള്‍ തുറക്കും. എല്ലാ പഞ്ചായത്തിലും പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കും. നോക്കുകൂലി പൂര്‍ണമായി ഇല്ലാതാക്കും. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കും.

കുടുംബശ്രീകളുടെ പ്രവര്‍ത്തനം വിപുലമാക്കും. പാലക്കാട് തൃത്താലയില്‍ ഇലക്‌ട്രോണിക് സിറ്റി സ്ഥാപിക്കും. കാര്‍ഷിക മേഖലയില്‍ 2012 നെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ വര്‍ഷമായി പ്രഖ്യാപിക്കും. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കും

സര്‍ക്കാരിന് പുതിയ വ്യവസായ നയം രൂപപ്പെടുത്തും. ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും. ഗ്രാമപഞ്ചായത്തുകളില്‍ രാജീവ് ഗാന്ധി ബ്ലോക്ക് പഞ്ചായത്ത് സേവാകേന്ദ്രങ്ങള്‍ ആരംഭിക്കും.അധ്യാപക സമൂഹത്തിനായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉള്ളത്.

Malayalam news

Kerala news in English